ലഹരി മുക്ത കേരളത്തിന് വേണ്ടി ബഹുമുഖ കർമപദ്ധതികൾ സംസ്ഥാനത്തു ആവിഷ്കരിച്ചു വരികയാണെന്ന് . കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം.  ക്യാംപെയിനിന്റെ ഭാഗമായി നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികൾ നടക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസുകളിലും 'നോ ടു ഡ്രഗ്സ്' എന്ന സന്ദേശമെത്തണം. യുവാക്കൾ, വിദ്യാർഥികൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയൽ, സ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും.ജനമൈത്രി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'യോദ്ധ' എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. 


മയക്കുമരുന്ന് ഉപയോഗത്തിനെതിരേ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ  പി.ടി.എ. സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ   'ഉണർവ്' എന്ന പേരിലും കോളേജ് ക്യാമ്പസുകളിൽ  'നേർക്കൂട്ടം' എന്ന പേരിലും കോളേജ് ഹോസ്റ്റലുകളിൽ  'ശ്രദ്ധ' എന്ന പേരിലും കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട 'കരുതൽ' എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് 'കവചം' എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനവും ആരംഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2022

sitelisthead