ഗതാഗത നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കി സംസ്ഥാന ഗതാഗത വകുപ്പ്. കേന്ദ്ര ഗതാഗത മന്ത്രാലയം എൻഐസിയുടെ സഹായത്താൽ നവീകരിച്ച നെക്സ്റ്റ് ജെൻ എംപരിവാഹൻ ( NextGen mParivahan ) ആപ്പ് മൊബൈൽ ആപ്ലിക്കേഷനിലെ സിറ്റിസൺ സെന്റിനൽ ( Citizen Sentinel ) വഴിയാണ് പൊതുജനങ്ങൾക്ക് നിയമലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവസരമൊരുങ്ങുന്നത്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നിയന്ത്രിക്കുക എന്നതാണ് സിറ്റിസൺ സെന്റിനൽ സംവിധാനത്തിന്റെ ലക്‌ഷ്യം. രാജ്യത്താദ്യമായി നെക്സ്റ്റ് ജെൻ എംപരിവാഹൻ വഴി ഈ സംവിധാനം നടപ്പിലാക്കുന്നത് കേരളത്തിലാണ്. 

വിവിധ ഗതാഗത നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും റിപ്പോർട്ട് ചെയ്യാം. ദൃശ്യങ്ങൾക്കൊപ്പം ജിപിഎസ് വിവരങ്ങൾ കൂടി മൊബൈലിൽ ഉൾപ്പെടുത്തിയാകും അപ്ലോഡ് ചെയ്യുക. എവിടെ നിന്ന് ഏത് സമയം ചിത്രീകരിച്ചുവെന്ന് ശാസ്ത്രീയമായി തിരിച്ചറിയാൻ ഇതുവഴി സാധിക്കും. സിറ്റിസൺ സെന്റിനലിലൂടെ റിപ്പോർട്ടുകൾ പരിശോധിച്ച് വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇ-ചലാനുകൾ തയാറാക്കി ബന്ധപ്പെട്ട വ്യക്തികൾക്ക് പിഴ ചുമത്താൻ സാധിക്കും. 

പ്ലേ സ്റ്റോർ വഴി മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന നെക്സ്റ്റ് ജെൻ എംപരിവാഹൻ ആപ്പ്  വഴിയാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. ആപ്പിലെ സിറ്റിസൺ സെന്റിനൽ (Citizen Sentinel) എന്ന സെക്ഷനിലെ റിപ്പോർട്ട് ട്രാഫിക് വയലേഷൻ ബട്ടൺ ക്ലിക്ക് ചെയ്ത് പരാതി രജിസ്റ്റർ ചെയ്യാം എന്ന വിഭാഗം സെലക്ട് ചെയ്ത് ദൃശ്യങ്ങൾ പകർത്താം. ഒപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ, നിയമലംഘനത്തിന്റെ രീതി, നിയമലംഘനം നടന്ന സ്ഥലത്തിന്റെ ചെറുകുറിപ്പ്, തീയതി, സമയം, സംസ്ഥാനം എന്നിവ രേഖപ്പെടുത്താൻ സാധിക്കും. മറ്റു വിവരങ്ങൾ ചേർക്കണമെങ്കിൽ അതിനായുള്ള കമന്റ് ബോക്സ് ഉപയോഗിക്കാം. 

രജിസ്റ്റർ ചെയ്യുന്ന പരാതി ഡൽഹിയിലെ സെർവറിൽ നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് ഉടൻ അയയ്ക്കും. കേരളത്തിൽ ഇത് പരിശോധിക്കുന്നതിനായി ആരംഭിക്കുന്ന കൺട്രോൾ റൂമിൽ നിന്ന് കുറ്റകൃത്യം നടന്ന പ്രദേശത്തെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒമാർക്ക് പരാതി കൈമാറും.അവർ നിശ്ചിത കാലയളവിനുള്ളിൽ പരാതിയിൽ നടപടിയെടുക്കും. പരാതി ആരാണ് നൽകിയതെന്ന് ഇത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനുപോലും അറിയാൻ സാധിക്കാത്തവിധത്തിലാണ് സോഫ്റ്റ്‌വെയർ തയാറാക്കിയിരിക്കുന്നത്.  പൊതുജനങ്ങൾക്കിടയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ബോധവൽക്കരണം നടത്തുന്നതിനും അതുവഴി നിയമലംഘനങ്ങളിൽ കുറവ് വരുത്തുന്നതിനും പുതിയ സംവിധാനം പ്രയോജനപ്പെടും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-21 10:56:53

ലേഖനം നമ്പർ: 1562

sitelisthead