സമാനതകളില്ലാത്ത വളർച്ചയ്ക്കാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തിയായി ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഗണിച്ച് അതിനനുസരിച്ചുള്ള പ്രാധാന്യം നൽകിക്കൊണ്ടാണ് കേരളം മുന്നേറുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് കുതിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. അതിനായി സമഗ്രമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയും വിവിധ പദ്ധതികളും നയങ്ങളും ആവിഷ്കരിച്ച് മറ്റൊരു കേരള മോഡൽ കൂടി സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ എട്ടുവർഷത്തിലേറെയായി നടപ്പിലാക്കിവരുന്ന അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്റെ ഫലങ്ങളാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പുലർത്തുന്ന മികവിന്റെ കാരണം. നാക് റാങ്കിങ്ങിൽ എംജി, കേരള സർവകലാശാലകൾ നേടിയ എ പ്ലസ് പ്ലസ്, കലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവകലാശാലകൾ നേടിയ എ പ്ലസ്, മറ്റ് 18 കോളേജിന്റെ എ പ്ലസ് പ്ലസ്, 31 കോളേജിന്റെ എ പ്ലസ്, 53 കോളേജിന്റെ എ ഗ്രേഡ് എന്നിവ ഇതിന്റെ ഗുണഫലങ്ങളാണ്. കൂടാതെ എൻഐആർഎഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച കോളേജുകളുടെ പട്ടികയിൽ കേരളത്തിന് ചെറുതല്ലാത്ത ഇടം നേടാനായിട്ടുണ്ട്. ക്യൂഎസ്, ടൈംസ് തുടങ്ങിയ റാങ്കിങ്ങിലെ മുന്നേറ്റങ്ങളും കേരളത്തിന്റെ അക്കാദമിക് നിലവാരത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നതാണ്. പോളിടെക്നിക്, എൻജിനിയറിങ്, ആർക്കിടെക്ചർ വിദ്യാഭ്യാസ മേഖലയിലും രാജ്യത്തിന് മാതൃകയായ നേട്ടങ്ങൾ കേരളം കൈവരിച്ചുകഴിഞ്ഞു. കണ്ണൂർ, മലയാളം, ഫിഷറീസ്, കാർഷിക, വെറ്ററിനറി, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളും മികവിന്റെ കേന്ദ്രങ്ങളാണ്. അത്യാധുനിക കോഴ്സുകളും നൂതന വിദ്യാഭ്യാസ രീതികളും കേരളത്തെ ലോകശ്രദ്ധയാകർഷിക്കുന്ന ഇടമാക്കി മാറ്റിയിരിക്കുന്നു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കും (കെഐആർഎഫ്), കോളേജിൽ പ്രവേശനം നേടുന്നതുമുതലുള്ള വിദ്യാർഥികളുടെ വിവരശേഖരണത്തിനും സർവകലാശാല പ്രവർത്തനങ്ങളുടെ ആധുനികവൽക്കരണത്തിനുമായി കേരള റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ റീപ്പ്) പദ്ധതിയും ശ്രദ്ധേയമാണ്. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാൻ ലെറ്റ്സ് ഗോ ഡിജിറ്റൽ ക്യാമ്പയിനും തുടങ്ങി.
ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളം
കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റാൻ പ്ലാൻ ഫണ്ട് കിഫ്ബി, റൂസോ ഫണ്ടുകൾ പ്രയോജനപ്പെടുത്തി രണ്ടായിരം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. അക്കാദമിക, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ നിർമ്മാണത്തിനും അത്യാധുനിക ലാബുകളുടേയും ലൈബ്രറികളുടേയും രൂപീകരണത്തിനും ഈ തുക വിനിയോഗിച്ചിട്ടുണ്ട്. അടിസ്ഥാന വികസന സൗകര്യങ്ങളുടെ വിപുലീകരണത്തിനൊപ്പം കാലാനുസൃതമായ ഉള്ളടക്ക പരിഷ്‌കരണത്തിന്റെയും ഫലമായി നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമിട്ടു.
വിദ്യാർഥികളെ തൊഴിലിന് സജ്ജമാക്കുന്നതിനു പുറമേ അഭിരുചിയുള്ളവരെ ഗവേഷണത്തിലേക്കും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഠനത്തിൽ മിടുക്കരായ 1000 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നൽകിവരുന്നു. ഒരു ലക്ഷം രൂപയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ലഭ്യമാക്കുന്നുണ്ട്. മികവുറ്റ പൂർവ അധ്യാപകരെയും രാജ്യത്തിനകത്തെയും പുറത്തേയും അക്കാദമിക വിദഗ്ധരേയും ഉൾപ്പെടുത്തി പൊതുവേദികൾ സൃഷ്ടിക്കാനും വേണ്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരവും ആധുനിക ഗവേഷണവും മെച്ചപ്പെടുത്തുന്നതിനായി സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മാനവിക വിഷയം, ഭാഷ, കല എന്നിവയുടെ പഠന ഗവേഷണം ശക്തിപ്പെടുത്തുക, ഈ രംഗങ്ങളിൽ പുതിയ ഇടപെടലുകളും പരിഹാരങ്ങളും കൊണ്ടുവരിക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണതിനുള്ളത്.
ഗവേഷകർക്കാവശ്യമായ അന്താരാഷ്ട്ര ജേർണലുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി ഒരു ഇ -ജേർണൽ കൺസോർഷ്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റാർട്ടപ് നയത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗവേഷണ പാർക്കുകൾക്ക് രൂപം നൽകുകയാണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനൊപ്പവും ഓരോ സ്റ്റാർട്ടപ് പാർക്ക് എന്നതാണ് ലക്ഷ്യം. ആധുനിക സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസത്തിൽ ജെൻസീ കോഴ്സുകൾ പോലുള്ളവയായി രൂപാന്തരപ്പെടുമ്പോൾ അതിനനുസരിച്ച് മാറാൻ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി കേരളത്തിൽ നിലവിൽ വന്നു. ഡിജിറ്റൽ മേഖലയിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ഗവേഷണങ്ങളും ഇവിടെ ഊർജിതമായി നടന്നുവരുന്നു.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി
അറിവ് സ്വാംശീകരിക്കുന്നതോടൊപ്പം അറിവ് ഉൽപ്പാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകൾ ആർജിക്കാനും, സംരംഭകത്വ താൽപ്പര്യങ്ങൾ ഉളവാക്കാനും ഉതകുന്ന കരിക്കുലം പരിഷ്‌കരണമാണ് കേരളം മുന്നോട്ടു വയ്‌ക്കുന്നത്. തൊഴിൽ അന്വേഷകർ എന്നതിൽ നിന്ന് തൊഴിൽ ദാതാക്കൾ എന്ന നിലയിലേക്ക് ഉയരേണ്ടതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിദേശങ്ങളിലേത് പോലെ പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കിയാകും ബിരുദ പഠനം. നാലുവർഷ ബിരുദം ഇഷ്‌ട വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും. മേജർ കോഴ്സുകൾ, മൈനർ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകൾ, വിവിധ വിഷയങ്ങൾ പഠിക്കുന്നതിനുള്ള മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, അധ്യാപകർക്ക് സ്വയമേവ തയ്യാറാക്കി നൽകാവുന്ന സിഗ്നേച്ചർ കോഴ്സുകൾ, പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന ഇന്റേൺഷിപ്, പ്രോജക്ട് എന്നിവയെല്ലാം ബിരുദ കരിക്കുലത്തിന്റെ ഭാഗമാകുന്നതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് ഇനിയും നേട്ടങ്ങൾ കൈവരിക്കാൻ ഈ പ്രവർത്തനങ്ങൾ സഹായകമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-23 10:39:14
ലേഖനം നമ്പർ: 1561