സംസ്ഥാനത്ത് പ്രീസ്കൂൾ മേഖലയിൽ ശാസ്ത്രീയ പരിശീലനം നേടിയ ആയമാരെ വാർത്തെടുക്കുന്നതിനായി  ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻറ് പ്രീസ്കൂൾ മാനേജ്മെൻറ് എന്ന പുതിയ കോഴ്സിന് തുടക്കമായി.  സംസ്ഥാന സർക്കാറിൻറെ നാലാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി  പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻറ് ലൈഫ് ലോങ് എജ്യുക്കേഷൻ-കേരള (സ്കോൾ-കേരള) ആണ് കോഴ്സ് നടപ്പാക്കുന്നത്. 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ്, വനിതാശിശുവികസന വകുപ്പ്, പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള പ്രീസ്കൂളുകൾ, അങ്കണവാടികൾ, ക്രഷുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച ശിശുപരിപാലകരുടെ സേവനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനതലമായി പരിഗണിക്കുന്നത് 3 മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ പഠിക്കുന്ന പ്രീസ്‌കൂൾ/അങ്കണവാടികളെയാണ്. 

പ്രീസ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകമാരും ആയമാരും ഉൾപ്പെടുന്ന ജീവനക്കാരിൽ വിവിധ തലങ്ങളിൽ നിന്നും അധ്യാപകമാർക്ക് പരീശീലനം ലഭിക്കുന്നുണ്ട്.  എന്നാൽ പ്രീസ്‌കൂൾ കുട്ടികളുടെ ആരോഗ്യ ശുചിത്വ കാര്യങ്ങൾ, പരിചരണം, സംരക്ഷണം, വികാസം എന്നി കാര്യങ്ങളിൽ സേവനം നൽകുന്ന ആയമാർക്ക് ഇത്തരത്തിൽ പ്രത്യേക സേവന പരിശീലന സംവിധാനങ്ങൾ ലഭിക്കുന്നില്ല. അതിനാൽ പ്രീസ്‌കൂൾ വിദ്യാഭ്യാസ മേഖല കൂടുതൽ സർഗ്ഗാത്മകമാകാൻ പരിശീലനം സിദ്ധിച്ച ആയമാരുടെ സേവനം ഉറപ്പാക്കുന്നതിന്റ ഭാഗമായാണ് ശിശുപരിപാലകർക്കായി കോഴ്സ് ഒരുക്കിയിരിക്കുന്നത്.  

ശിശുപരിപാലക മാർക്ക് (പ്രീസ്‌കൂൾ ആയമാർക്ക്) തൊഴിൽപര മായ ശേഷികളും ധാരണകളും മനോഭാവങ്ങളും വികസിപ്പിക്കുന്ന തരത്തിലാണ്  കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. ശിശുപരിപാലക തസ്തികയിൽ സേവനം നൽകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കാൻ കഴിയും വിധമാണ് ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻറ് പ്രീസ്കൂൾ മാനേജ്മെൻറ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി വിജയിച്ചവർക്കും നിലവിൽ ആയമാരായി ജോലി ചെയ്യുന്നവർക്കും ഈ കോഴ്സിൽ പ്രവേശനം ലഭ്യമാക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന ഒരു വ്യക്തിക്ക് ശിശുപരിപാലക (ChildCare Giver) തസ്‌തികയിൽ സേവനം നൽകുന്നതിനുള്ള സമഗ്രമായ അനുഭവങ്ങൾ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-17 17:03:15

ലേഖനം നമ്പർ: 1559

sitelisthead