സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ -സ്റ്റാമ്പിംഗ് സേവനം സംസ്ഥാനത്ത് നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്‌ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സൂതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയത്. രജിസ്‌ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ- സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വെണ്ടർമാർക്ക് വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകം ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷൻ നടപടികൾ സുഗമവും സുതാര്യവുമാകും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ പോക്ക്‌വരവ് കൂടി നടത്തി ഭൂമിയുടെ സർവ്വേ സ്കെച്ച് സഹിതം അന്ന് തന്നെ രേഖകളാക്കി നൽകാൻ പറ്റുന്ന സംവിധാനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇനി മുതൽ രജിസ്ട്രേഷൻ വകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാക്കും.
രജിസ്ട്രേഷൻ വകുപ്പിൽ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങൾ നേരത്തെ തന്നെ ഇ-സ്റ്റാമ്പിലൂടെ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ കുറഞ്ഞ തുകക്കുള്ളതും കൂടി ഈ രീതിയിലേക്ക് മാറും. നിലവിൽ സ്റ്റോക്കുള്ള മുദ്രപത്രങ്ങൾ പാഴായി പോകാതിരിക്കാൻ സമാന്തരമായി കടലാസു മുദ്രപത്രങ്ങൾ 2025 മാർച്ച് വരെ ഉപയോഗിക്കാൻ സാധിക്കും. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് പരിഹാരമാകും.രജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്ന ജില്ലകളിലും ഉടൻതന്നെ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. ബാധ്യതാ സർട്ടിഫിക്കറ്റുകൾ, ചിട്ടി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ അപേക്ഷ തുടങ്ങിയ സേവനങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. പണമടക്കാൻ ഇ-പോസ് സംവിധാനവും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനവും ഉടൻ നിലവിൽ വരും.
കേരളത്തിൻ്റെ രജിസ്ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും. ഡിജിറ്റലൈസേഷൻ ശ്രമങ്ങളും നൂതനമായ പേയ്‌മെൻ്റ് സംവിധാനങ്ങളും അവതരിപ്പിക്കുന്നതിലൂടെ, പൊതുസേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിന് കേരളം രാജ്യത്തിന് തന്നെ വീണ്ടും മാതൃകയാകും.
ഇ- സ്റ്റാമ്പിംഗ് വെബ്സൈറ്റ് : www.estamp.treasury.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-22 11:00:00
ലേഖനം നമ്പർ: 1556