സമഗ്ര വളർച്ചയും സാമൂഹിക ക്ഷേമവും ഉറപ്പാക്കി സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിൽ ഓണം പോലെയുള്ള ഉത്സവങ്ങളുടെ നിർണായക പങ്ക് മനസിലാക്കി, ഈ ഓണക്കാലത്ത് സാമൂഹിക ഐക്യവും സാമ്പത്തിക സുസ്ഥിരതയും ശക്തിപ്പെടുത്തുന്നത്തിനുള്ള നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, എക്സ്ഗ്രേഷ്യ, ഉത്സവബത്ത, മറ്റു ധനസഹായ പദ്ധതികൾ കൂടാതെ സപ്ളൈകോ ഓണം ഫെയർ പോലെയുള്ള വിപണി ഇടപെടലുകൾ എന്നിവയിലൂടെ സാമ്പത്തിക ഐക്യം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം റദ്ദ് ചെയ്ത് വയനാടിന്റെ പുനർനിർമാണ പ്രവർത്തങ്ങളിലേർപ്പെട്ടിരിക്കുമ്പോഴും തൊഴിലാളികൾക്കുള്ള അനൂകൂല്യങ്ങൾ മാറ്റമില്ലാതെ ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം നടപ്പിലാക്കുന്നുണ്ട്. ആവശ്യസാധനങ്ങൾ ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുന്നുണ്ട്. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. അതേസമയം പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചത്. നഗര തൊഴിലുറപ്പ് തൊഴിലാളികൾ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവർക്ക് 1000 രൂപ വീതം ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ട കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികൾക്കാണ് ബത്ത ലഭിക്കുന്നത്. സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു.
സർക്കാർ, സഹകരണ കയർ ഉൽപന്ന സ്ഥാപനങ്ങൾക്ക് വിപണി വികസന ഗ്രാന്റ് ഇനത്തിൽ 10 കോടി രൂപ അനുവദിച്ചു. കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് സംഘങ്ങൾ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയർ കോർപറേഷൻ, കയർഫെഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഗ്രാന്റ് സഹായിക്കും. വിപണി വികസനത്തിനുള്ള കേന്ദ സർക്കാർ സഹായം ആറുവർഷമായി മുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്.
പൂട്ടികിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. 10,732 തൊഴിലാളികൾക്ക് ഇതിലൂടെ സഹായം ലഭിക്കും. 100 ക്വിന്റലിന് താഴെ കയർ പിരിച്ചിരുന്ന പൂട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികൾക്കാണ് ഓണക്കാല സഹായത്തിന് അർഹത. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകാനായി 19.81 കോടി രൂപ അനുവദിച്ചു. ഒമ്പതിനായിരത്തോളം ഏജന്റുമാർക്കാണ് ഒരു ഗഡു പ്രതിഫലം ലഭിക്കുന്നത്.
പരമ്പരാഗത കയർ ഉൽപന്നങ്ങൾ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാനായി സംസ്ഥാന കയർ കോർപറേഷന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. ചെറുകിട കയർ സംഘങ്ങളിൽ നിന്ന് ശേഖരിച്ച പരമ്പരാഗത ഉൽപന്നങ്ങളുടെ വില നൽകാൻ തുക വിനിയോഗിക്കും. ചെറുകിട സംഘങ്ങളുടെ ബോണസ് വിതരണത്തിനും ഇത് സഹായമാകും.
ഓണത്തോടനുബന്ധിച്ച് കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപയും അനുവദിച്ചു. സർക്കാർ, എയഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നെയ്തു നൽകിയ കൈത്തറി തൊഴിലാളികൾക്ക് കൂലി വിതരണത്തിനായാണ് തുക ലഭ്യമാക്കിയത്. കൂടാതെ അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണ് തുക ലഭ്യമാക്കിയത്.
സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം നൽകും. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്‌കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത മേഖലയിലെ 8,94,922 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 1050 രൂപ വിലമതിക്കുന്ന ഓണക്കിറ്റുകൾ അനുവദിച്ചു. ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻകാർക്ക് 2500 രൂപ അനുവദിച്ചു.
ആരോഗ്യ വകുപ്പ് വയനാട് ജില്ലയിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് നൽകും. സിക്കിൾസെൽ രോഗികൾക്ക് കഴിഞ്ഞ വർഷം മുതലാണ് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ നൽകി വരുന്ന ന്യൂട്രീഷൻ കിറ്റിന് പുറമെയാണ് ഓണക്കിറ്റ് നൽകുന്നത്. ആയുഷ് വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ക്കും ഓണക്കാലത്ത് ഉത്സവബത്ത് അനുവദിച്ചു. കൂടാതെ സംസ്ഥാനതലത്തിൽ കൃഷിവകുപ്പിന്റെ ഓണസമൃദ്ധി കർഷക ചന്തകൾക്കും തുടക്കമായിയിട്ടുണ്ട്. സെപ്തംബർ 11 മുതൽ 14 വരെ വലിയ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നാടൻ/ജൈവ പഴം-പച്ചക്കറി ഉത്പന്നങ്ങൾ ലഭിക്കും. കാർഷിക വികസനക്ഷേമ വകുപ്പിന്റെ 1076 വിപണികൾ, ഹോർട്ടികോർപ്പിന്റെ 764 വിപണികൾ, വി.എഫ്.പി.സി.കെയുടെ 160 വിപണികൾ എന്നിങ്ങനെ 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം സജ്ജമാക്കിയിരിക്കുന്നത്. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കി ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപന ശാലയും പ്രവർത്തനം ആരംഭിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-13 11:33:42
ലേഖനം നമ്പർ: 1521