റോബോട്ടിക്സ് മേഖലയിൽ  ആദ്യ ഇന്‍റർനാഷണൽ റൗണ്ട് ടേബിൾ കോൺഫറൻസിനു വേദിയൊരുക്കി കേരളം. സമാനതകളില്ലാത്ത വ്യവസായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനം   റോബോട്ടിക്സ് സാങ്കേതികമേഖലയുടെ ഹബ്ബാകാനൊരുങ്ങുന്നതിന്റെ ആദ്യ ചുവടുവെയ്പാണിത്. കെഎസ്‌ഐഡിസി ആഭിമുഖ്യത്തിൽ   നാല്‌ സെഷനുകളിലായി നടന്ന സമ്മേളനത്തിൽ റോബോട്ടിക്സ്‌ മേഖലയ്‌ക്ക്‌ കുതിപ്പേകുന്ന നിരവധി  തീരുമാനങ്ങൾ ഉടലെടുത്തു.  സമൂഹത്തെ ഹൈടെക് മാനുഫാക്ചറിംഗ് ടെക്നോളജി വ്യവസായങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാനത്തിന്റെ യാത്രയുടെ തുടക്കമായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി നടന്ന  റോബോട്ടിക് പ്രദർശനത്തിൽ പത്ത് എഞ്ചിനീയറിംഗ് കോളേജുകളുടേതടക്കം 31 കമ്പനികളാണ് തങ്ങളുടെ വൈവിദ്ധ്യമാർന്ന റോബോട്ടിക് ഉത്പന്നങ്ങൾ പ്രദർശനങ്ങളിലെത്തിച്ചത്.  അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള റോബോട്ടിക്സ് കമ്പനികളിൽ നിന്നുൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത  കോൺഫറൻസ് റോബോട്ടിക്സ് മേഖലയിൽ കേരളം  ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക്  ഊർജ്ജം പകർന്നു  ലോകത്തിന് മുന്നിൽ നൂതന വ്യവസായങ്ങളുടെ ഡെസ്റ്റിനേഷൻ ആയി മാറുന്നതിനു സഹായകമാവും.

റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ്  കേരളം പുതിയ വ്യവസായ നയം ആവിഷ്കരിച്ചത്.  അതുകൊണ്ട് തന്നെ ഈ മേഖലയിൽ കടന്നുവരുന്ന സംരംഭങ്ങൾക്ക് മികച്ച ഇൻസന്‍റീവുകളും സബ്സിഡികളും മറ്റ് സഹായങ്ങളും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ലഭ്യമാകും. റോബോട്ടിക്സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് തൃശ്ശൂരിൽ സ്ഥാപിക്കും. 

രാജ്യത്തെ റോബോട്ടിക്‌സ് മേഖലയിൽനിന്ന് 2024ൽ മാത്രം 531.10 ദശലക്ഷം അമേരിക്കൻ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 
2024 മുതൽ 28 വരെ 12.18 ശതമാനമാണ് ഈ മേഖലയിൽ വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നത്. 841.10 ദശലക്ഷം ഡോളറാണ് പ്രതീക്ഷിക്കുന്ന വരുമാനം. ലോകത്തിൽ റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയുണ്ട്. വാഹന നിർമാണ മേഖലയിലാണ് ഇന്ത്യയിൽ ഏറ്റവുമധികം റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഈ അനുകൂല സാഹചര്യം പൂർണമായും ഉപയോഗപ്പെടുത്താനാണ് കേരളം സ്വയം തയ്യാറെടുക്കുന്നത്. 

 റോബോട്ടിക് രംഗത്തെ ഭാവിയെന്തായിരിക്കും എന്നതിൻറെ നേർക്കാഴ്ചയാണ് പ്രദർശനത്തിലുടനീളം കാണാനായത്. റോബോട്ടിക്‌സ് രംഗത്ത് കേരളത്തിൻറെ അഭിമാനമായ ജെൻ റോബോട്ടിക്‌സ്, ശസ്ത്ര റോബോട്ടിക്‌സ്, അസിമോവ്, ഐറോവ്, നവ ടെക്‌നോളജീസ് എന്നിവയുടെ ഉത്പന്നങ്ങൾക്ക് പുറമെ പുതിയ വാണിജ്യ മാതൃകകളുമായി എട്ട് എൻജിനീയറിംഗ് കോളേജുകളും പ്രദർശനത്തിനെത്തിയിരുന്നു. വിജ്ഞാനം പകരുന്ന എഡ്യു റോബോട്ടുകൾ, കിടപ്പുരോഗികളായ സ്ത്രീകൾക്ക് പരസഹായമില്ലാതെ നിൽക്കാനും ഫിസിയോ തെറാപ്പിയടക്കം ചെയ്യാനും സഹായിക്കുന്ന റോബോട്ടിക് സ്യൂട്ട, ഐറോവിന്റെ അണ്ടർ വാട്ടർ ഡ്രോൺ, ആളില്ലാ നിരീക്ഷണ ബോട്ട് ലൈവ്‌ബോട്ടിക്‌സ്, ഓട്ടോമാറ്റിക് സൈനിക വാഹനം തുടങ്ങി നിരവധി നൂതന റോബോട്ടിക്‌സ് വിദ്യകളാണ് എത്തിയത്. 

പുത്തൻ വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളിലൊന്നായി റോബോട്ടിക്‌സിനെ കേരളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഐ, റോബോട്ടിക്‌സ് എന്നിവയ്ക്ക് വിവിധ ഇളവുകളും ധനസഹായവും ലഭിക്കും. കേരളത്തിൽനിന്നുള്ള പ്രമുഖ സംരംഭമായ ശാസ്ത്ര റോബോട്ടിക്‌സ് യുകെ, യുഎസ്എ എന്നിവിടങ്ങളിലേക്ക് 160 റോബോട്ടുകളെയാണ് കയറ്റുമതി ചെയ്തത്. കേരള സ്റ്റാർട്ടപ് മിഷൻ കൈ പിടിച്ചുയർത്തിയ ജെൻ റോബോട്ടിക്‌സ് കേരളത്തിന്റെകൂടി വിജയമാണ് അന്താരാഷ്ട്ര തലത്തിലെത്തിച്ചത്. മാലിന്യക്കുഴലുകൾ വൃത്തിയാക്കുന്ന ബാൻഡിക്കൂട്ട് എന്ന റോബോട്ടിലൂടെ സാമൂഹ്യപ്രസക്തിയും നൂതനത്വവും സംയോജിപ്പിച്ച് അവതരിപ്പിച്ച ഉൽപ്പന്നം ഇന്ന് ആഗോളപ്രശസ്തമാണ്. ഇതിനുപുറമെ എഐ ഏരിയൽ ഡൈനാമിക്‌സ്, അസിമോവ് റോബോട്ടിക്‌സ്, ഐറോവ്, ഡെക്‌സ് ലോക്ക്, ട്രിയാസിക് സൊല്യൂഷൻസ് എന്നിവയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 

മികച്ച നൈപുണ്യശേഷിയുള്ളവരെ തിരിച്ചറിയുന്നതിനും ഉപയോക്താക്കളെ ബോധവത്ക്കരിക്കുന്നതിനുമുള്ള റോബോട്ടിക് സ്റ്റാർട്ടപ്പ് മേഖലയുടെ പ്രധാന വെല്ലുവിളികളെ നിഷ്പ്രഭമാക്കുന്ന സമ്മേളനത്തിൽ നാലു സെഷനുകളിലായി ഇന്നൊവേറ്റിങ് ഫ്യൂച്ചറിലേക്ക് തുറക്കുന്ന നിരവധി തീരുമാനങ്ങളും കൈക്കൊള്ളാൻ വ്യവസായ വാണിജ്യ വകുപ്പിന് സാധിച്ചു. ഐബിഎമ്മുമായി ചേർന്ന് ജൂലൈയിൽ കൊച്ചിയിൽ നടത്തിയ ജനറേറ്റീവ് എഐ അന്താരാഷ്ട്ര കോൺഫറൻസ് ഈ പ്രവർത്തനപരമ്പരയുടെ ആദ്യപടിയായിരുന്നു. വ്യത്യസ്തമേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളിൽ രണ്ടാമത്തേതായിരുന്നു റോബോട്ടിക്‌സ് റൗണ്ട് ടേബിൾ. ഈ പ്രവർത്തനങ്ങളുടെ സമഗ്രമായ ഒത്തുചേരലാകും 2025 ഫെബ്രുവരിയിൽ നടത്താൻ പോകുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-27 10:49:50

ലേഖനം നമ്പർ: 1496

sitelisthead