സമയബന്ധിതമായും അഴിമതിമുക്തമായും പൗരസേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് ബൃഹത്തായ പരിഷ്‌കരണ നടപടികൾക്ക് തുടക്കം കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്. സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തിലും ദൈനംദിന ജീവിതത്തിലും അനിവാര്യമായ സേവനങ്ങൾ സമയോചിതമായും ആധൂനികരീതിയിലും വിതരണം ചെയ്തു പൊതുജന സേവനവിതരണത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് വകുപ്പ്. കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ കാലോചിതവും വിപ്ലവകരവുമായ പരിഷ്‌കരണങ്ങൾ, ലൈസൻസ് വ്യവസ്ഥകളിലെയും ഫീസിലെയും ഇളവ്, ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിച്ച് ശുചിത്വരംഗത്ത് കൂടുതൽ ജനോപകാരപ്രദമായ ഇടപെടൽ ,വകുപ്പിനുള്ളിലെ ഭരണപരിഷ്‌കരണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്ര മാറ്റങ്ങൾക്കാണ് വകുപ്പ് തുടക്കമിടുന്നത്. പൊതുജങ്ങൾക്ക് അനിവാര്യമായ നടപടികൾ, കെട്ടിട നിർമാണത്തിൽ മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതികൾ എന്നിവക്ക് പുറമേ വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്‌സും നിർദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികളും സർക്കാരിന്റെ പരിഗണനയിലാണ്.
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ
സമയബന്ധിതമായി സേവനം ഉറപ്പാക്കാനും, അഴിമതി പൂർണമായി തടയാനും ലക്ഷ്യമിട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതു ജനങ്ങൾക്ക് തത്സമയം പരാതി നൽകുന്നതിനും പ്രശ്‌ന പരിഹാരം തേടുന്നതിനുമായി ഒരു കോൾ സെന്ററും വാട്‌സ്ആപ് നമ്പറും ഏർപ്പെടുത്തും. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായ തുടർനടപടി ഉറപ്പാക്കും.പ്രായോഗികവും ജനോപകാരപ്രദവുമായ നിരവധി നിർദേശങ്ങൾ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഓൺലൈൻ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഓരോ അപേക്ഷയും സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓൺലൈനിലും ഓഫ്‌ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂർണമായ അപേക്ഷകളിൽ സേവനാവകാശ നിയമപ്രകാരം പരിഹാരം/സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീപ്റ്റിനൊപ്പം അപേക്ഷകന് നൽകും.
പൊതുജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകും. കോർപറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജ്യണൽ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും, മുൻസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക. കെ സ്മാർട്ട്, ഐഎൽജിഎംഎസ് സംവിധാനങ്ങൾ വഴി ഇവർക്ക് ഫയൽ നീക്കവും ഓരോ ഉദ്യോഗസ്ഥനും കൃത്യസമയത്ത് സേവനം നൽകുന്നുണ്ടോ എന്ന കാര്യവും നിരീക്ഷിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയും പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകായും ചെയ്യും. എല്ലാ രണ്ട് ആഴ്ചയിലും മന്ത്രിതലത്തിൽ ഈ വിവരങ്ങൾ പരിശോധിക്കും.
സേവനം ലഭ്യമാക്കേണ്ട സമയ പരിധി, ഓരോ സീറ്റിലും ഫയൽ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള സേവന ബോർഡ്, ഹാജർ ബോർഡ്, അദാലത്ത് സമിതി/സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീൽ അധികാരികൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ, പരാതിപ്പെടാനുള്ള നമ്പർ എന്നിവ കൃത്യതയോടെ പ്രദർശിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാനാവാത്ത പരാതികൾ, സ്ഥിരം അദാലത്ത് സമിതികൾക്ക് കൈമാറി തുടർനടപടി ഉറപ്പാക്കും.
കെട്ടിട നിർമ്മാണ മേഖല
കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നു കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് വരുത്തും അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 25% പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75% വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. അതേ ഉടമസ്ഥന്റെ പേരിലായിരിക്കണം ഭൂമി, നിർമ്മാണം നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം ഈ ഭൂമി, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, കാർ പാർക്കിംഗിനായി ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല എന്നും മറ്റാർക്കും കൈമാറില്ല എന്നും ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മിൽ കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഈ ഇളവ് നടപ്പിലാക്കുന്നത്. നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ തീരുമാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടർഫുകളെ നിലവിൽ അസംബ്ലി ഒക്കുപ്പൻസിയിലാണ് നിലവിൽ പരിഗണിക്കുന്നത്. അതായത് ഒരു ഓഡിറ്റോറിയത്തിന് തുല്യമായ പാർക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടർഫുകൾക്ക് ഇത്രയും പാർക്കിംഗ് ആവശ്യമില്ല. അതിനാൽ ഇത്തരം ടർഫുകൾക്ക് പാർക്കിംഗിന്റെ കാര്യത്തിൽ ഇളവ് നൽകും.
സ്‌കൂൾ/കോളജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്‌ളോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിംഗ് സൗകര്യം നിലവിൽ നിയമപ്രകാരം ആവശ്യമായി വരുന്നു. ഈ പാർക്കിംഗ് നിബന്ധന ലഘൂകരിക്കും.
നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഒരു പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (ഉദാ. വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ...) അനുവദിച്ച പെർമ്മിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമ്മിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരും.
നിലവിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി 5 വർഷമാണ്. അടുത്ത 5 വർഷത്തേക്ക് കൂടി പെർമ്മിറ്റ് നീട്ടുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. പിന്നീടും പെർമ്മിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കിൽ സങ്കീർണമായ നടപടികൾ ആവശ്യമായി വരുന്നു. അതിനാൽ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി 5 വർഷത്തേക്ക് കൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ പെർമ്മിറ്റ് കാലാവധി നീട്ടുന്നതിനുള്ള സൌകര്യം ഒരുക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഡെവലപ്‌മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതു സൗകര്യങ്ങൾ ഇതു വഴി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമ്മിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയൽ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമ്മിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവർക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങൾ ഭേദഗതി ചെയ്യും.
നിലവിൽ കെട്ടിട നിർമ്മാണ പെർമ്മിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാ തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏർപ്പെടുത്തുന്ന കാര്യം നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.
ലൈസൻസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്‌ക്കരിക്കും. കൂടുതൽ സ്ലാബുകൾ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. വ്യാപാരി-വ്യവസായി മേഖലയിൽ നിന്നുള്ള സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം കാണുന്നത്.
നഗരസഭകളിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവു വരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ഇത് ലഘൂകരിക്കും.
വീടുകളോട് ചേർന്ന് ഒട്ടേറെ ചെറുകിട വ്യവസായ-ഉദ്പാദക-വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ഇവയ്ക്ക് ലൈസൻസ് നൽകാൻ ചട്ടങ്ങളിൽ നിലവിൽ വ്യവസ്ഥയില്ല. വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.
ഹരിത കർമ്മ സേനയുടെ പ്രവർത്തനം
ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കൃത്യമായ ഇടവേളയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
വിവിധ തരം അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടർ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വിവിധ തരം മാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കലണ്ടർ പ്രകാരമല്ലാതെ, ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം.
വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകും. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തും. ചില നഗരസഭകളിൽ എല്ലാ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് ഈ നടപടി. വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകും.
ടേക്ക് എ ബ്രേക്ക്
ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പ് കുറ്റമറ്റരീതിയിൽ ആക്കുന്നതിനും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പുവരുത്തുന്നതിനുള്ള പുതുക്കിയ നടപടിക്രമം പുറപ്പെടുവിക്കും.
വകുപ്പുമായി ബന്ധപ്പെട്ട മറ്റു പൊതു തീരുമാനങ്ങൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയ്യാറാക്കുന്നത് എഞ്ചിനിയറിംഗ് കോളേജുകൾ മുഖേനയാണ്. ഇതിനായി ഫീസ് വലിയ നൽകേണ്ടിവരുന്നത് പല തദ്ദേശ സ്ഥാപനങ്ങളും പരാതികളായി ഉന്നയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് തദ്ദേശസ്വയംഭരണ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എഞ്ചിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈന് വിംഗ് രൂപീകരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകള് സ്ഥാപിക്കും.
തദ്ദേശസ്വയംഭരണ വകുപ്പിലെ ഓവർസിയർമാരുടെ നിയമനം നിലവിൽ സംസ്ഥാനടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ് നടത്തുന്നത്. ഇതുമൂലം ചില ജില്ലകളിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ഓവർസിയർമാരുടെ ഒഴിവുകൾ സ്ഥിരമായി ഉണ്ടാകുന്നു. ഇത് പരിഹരിക്കുന്നതിനായി ഓവർസിയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
പെർഫോമൻസ് ഓഡിറ്റ് സംവിധാനം അവസാനിപ്പിച്ചതിനാൽ പ്രസ്തുത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവരെ ഇപ്പോൾ തന്നെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് പുനർവിന്യസിപ്പിച്ചിട്ടുണ്ട്. സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിലുള്ളവരെ പുനർ വിന്യസിക്കുന്ന നടപടി നടന്നുവരുന്നു. കൂടാതെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെയും ചില തലത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമുള്ള അധിക ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കും. ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായും കാര്യക്ഷമമായും നടത്തും. കില കൂടാതെ ഐ എം ജി യുടെ സഹായം കൂടി തേടും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-16 10:29:36
ലേഖനം നമ്പർ: 1483