ക്യാൻസറിനെ നേരിടാൻ  'ശ്രദ്ധ' ബോധവത്ക്കരണ ക്യാമ്പയിനുമായി കുടുംബശ്രീ.  കുടുംബശ്രീയും മെഡിക്കല്‍ സ്റ്റുഡന്റ്സ് കളക്ടീവ് ഓഫ് കേരളയുമായി (മെഡികോണ്‍) സഹകരിച്ചാണ്  ബോധവത്ക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യു (ഫുഡ്, ന്യൂട്രീഷന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ലോക്കുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും. 

തെരഞ്ഞെടുത്ത ബ്‌ളോക്കുകളിലെ എല്ലാ വാര്‍ഡുകളിലുമുള്ള മുഴുവന്‍ അയല്‍ക്കൂട്ട അംഗങ്ങളെയും ക്യാമ്പയിന്റെ ഭാഗമാക്കും. മെഡികോണ്‍ റിസോഴ്‌സ് പേഴ്‌സണ്‍, അയല്‍ക്കൂട്ടത്തിലെ ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍, തെരഞ്ഞെടുത്ത അയല്‍ക്കൂട്ട അംഗം എന്നിവരുടെ നേതൃത്വത്തില്‍ കാന്‍സര്‍ അവബോധ ക്‌ളാസ് നല്‍കും. ഇതോടൊപ്പം പ്രാഥമിക സ്‌ക്രീനിങ്ങും നടത്തും. ഈ പ്രവര്‍ത്തനങ്ങള്‍  എല്ലാ വാര്‍ഡുകളിലും പൂര്‍ത്തിയാകുന്ന മുറയ്ക്ക്  ബ്‌ളോക്ക്തലത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. പ്രാഥമിക സ്‌ക്രീനിങ്ങ്, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ വഴി രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടര്‍ ചികിത്സയ്ക്കുള്ള പിന്തുണ ലഭ്യമാക്കും. കുടുംബശ്രീ സ്‌നേഹിത, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ മുഖേന ആവശ്യമായ മാനസിക,  സാമൂഹിക പിന്തുണയും കൗണ്‍സലിങ്ങും നല്‍കും. 

രോഗനിര്‍ണ്ണയം നടത്തിയ അംഗങ്ങള്‍ക്ക് തുടര്‍ ചികിത്സയ്ക്കുള്ള നിര്‍ദേശങ്ങളും റഫറല്‍ കത്തും ലഭ്യമാക്കും. ജില്ല, സി.ഡി.എസ്, എ.ഡി.എസ് എന്നീ തലങ്ങളിലുള്ള എഫ്.എന്‍.എച്ച്.ഡബ്ല്യു റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ രോഗം സ്ഥിരീകരിച്ച അംഗങ്ങളുടെ വീടുകള്‍ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കും. കുടുംബാരോഗ്യകേന്ദ്രങ്ങളുമായി ചേര്‍ന്നു കൊണ്ട് ആശാവര്‍ക്കര്‍മാര്‍ മുഖേന ഇവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ആവശ്യമായ പിന്തുണകള്‍ ലഭ്യമാക്കുകയും ചെയ്യും. ക്യാമ്പെയിന്റെ ഭാ​ഗമായി ആര്‍ത്തവ ശുചിത്വം, ശാരീരിക, മാനസിക ആരോഗ്യം, കുടുംബാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ജീവിതശൈലീ രോഗ പ്രതിരോധം എന്നിവയെ കുറിച്ചും സ്ത്രീകള്‍ക്ക് അവബോധം നല്‍കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-29 10:40:52

ലേഖനം നമ്പർ: 1460

sitelisthead