ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ കേരളത്തിനും കൊച്ചിക്കും മുന്നിൽ വലിയ സാധ്യതകളാണ് തുറന്നിട്ടുള്ളത്. വാട്ടർ മെട്രോ, കൊച്ചിയുടെ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് നൽകുകയും കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാവുകയും ചെയ്യും. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് കായൽ സൗന്ദര്യം സുഖകരമായി ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം കൊച്ചിയിലെ വിവിധങ്ങളായ കാഴ്ചകൾ കാണാൻ പറ്റുന്ന തരത്തിലാണ് മെട്രോയുടെ യാത്ര സജ്ജീകരിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ജലഗതാഗത ശൃംഖലയായാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

വിശാലമായ കാത്തിരിപ്പ് സൗകര്യവും, ബോട്ടിന്റെ സമയം അറിയിച്ചുള്ള അനൗൺസ്മെന്റും ടെർമിനലുകളിൽ ഒരുക്കിയിട്ടുണ്ട്. പൂർണമായും ഭിന്നശേഷി സൗഹൃദ ടെർമിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയുടേത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാൻ സഹായകമാകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകളാണ് കൊച്ചി സ്ഥാപിച്ചിട്ടുള്ളത്. മെട്രോ റയിലിന് സമാനമായ ടെർമിനലുകളും ടിക്കറ്റ് കൗണ്ടറുകളും സൗകര്യങ്ങളുമുള്ള വാട്ടർമെട്രോയുടെ മേൽനോട്ട ചുമതല കെഎംആർഎല്ലിനാണ്. കൊച്ചി മെട്രോയുടെ അതെ കളർ തീം തന്നെ പിന്തുടരുന്ന വാട്ടർ മെട്രോയിൽ 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും. 

10 ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകൾ നടത്തുന്ന വിധത്തിലാണ് മെട്രോയുടെ സർവീസ് സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ തിരക്കിൽ നിന്നൊഴിവായി ഏറ്റവും വേഗം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനാകും. കോതാട്, വൈപിൻ, ബോൾഗാട്ടി, താന്തോന്നി തുരുത്ത്, കടമക്കുടി, മുളവക്കാട്, മൂലാംപിള്ളി, എളങ്കുന്നപ്പുഴ, തുടങ്ങിയ സ്ഥലങ്ങളുടെ ഗ്രാമഭംഗി വാട്ടർ മെട്രോയിലൂടെ ആസ്വദിക്കാം. ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക് ഇതിനോടകം ആരംഭിച്ചട്ടുണ്ട്. ₹ 20 ന് കായലിലൂടെയുള്ള ഒരു ലക്ഷ്വറി യാത്രയാണ് കൊച്ചി മെട്രോ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളുണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

വാട്ടർമെട്രോയുടെ പരിപാലനം ഡ്രെഡ്ജിങ്ങ് നടത്തി ജലാശയത്തെ കളകളിൽ നിന്നും ചെളിയിൽ നിന്നും മുക്തമാക്കുകയും വെള്ളം കൂടുതൽ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുകയും ചെയ്യുന്നു. പദ്ധതി പൂർണമായും സജ്ജമാകുമ്പോൾ പ്രതിവർഷം 44,000 ടൺ കാർബൺ മലിനീകരണം ഒഴിവാക്കാൻ സാധിക്കും. കാർബൺ പുറത്തള്ളൽ കുറച്ചു പൂർണമായും ഇലക്ട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോയ്ക്ക് പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ വാണിജ്യ യാത്രക്കുപയോഗിക്കുന്ന ഇലക്ട്രിക്ക് ബോട്ടുകൾക്ക് ലഭിക്കുന്ന ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡ് ലഭിച്ചിരുന്നു. പൂർണമായും സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോയ്ക്ക് ₹ 1136.83 കോടിയാണ് ചെലവ്. 

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് ഓരോ യാത്രയും വാട്ടർ മെട്രോ നടത്തുന്നത്. ആവശ്യമായ ലൈഫ് ബോട്ടുകളും മറ്റു സുരക്ഷ സംവിധാനങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ചു 2 മാസത്തിനുള്ളിൽ 4,12,108 യാത്രക്കാരാണ് വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. ശരാശരി 7,000 പേരാണ് മെട്രോ നിലവിൽ ഉപയോഗിക്കുന്നത്. 

കൊച്ചി വാട്ടർ മെട്രോ കൊച്ചിയുടെ യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിനപ്പുറം കൊച്ചിയുടെ സമഗ്ര വികസനമാണ് മുന്നോട്ട് വെയ്ക്കുന്നത്. ജെട്ടികളിലേക്കും ദ്വീപുകൾക്കുള്ളിലേക്കുമുള്ള നിലവിലുള്ള റോഡുകൾ വികസിപ്പിക്കുക, സുരക്ഷിതമായി എല്ലാ ഉപയോക്താക്കൾക്കും സഞ്ചരിക്കാൻ സാധിക്കുക തുടങ്ങിയവ മുൻനിർത്തി സമഗ്ര വികസന പദ്ധതികളാണ് വാട്ടർ മെട്രോയ്ക്കനുബന്ധമായി നടപ്പാക്കി വരുന്നത്. കേരളത്തിലേറ്റവും കൂടുതൽ വിദേശികൾ വരുന്ന കൊച്ചിയിൽ ടൂറിസം സംരംഭങ്ങളിലൂടെ മെച്ചപ്പെട്ട ഉപജീവന മാർഗങ്ങൾ കണ്ടെത്താനും ജീവിതനിലവാരം ഉയർത്താനും കൊച്ചിക്ക് സമീപമുള്ളവർക്കും ദ്വീപ് നിവാസികൾക്കും അവസരം ലഭിക്കും. ദ്വീപുകളിലെ ഹോം സ്‌റ്റേ, തനത് ഭക്ഷണരുചികൾ നൽകുന്ന സംരംഭങ്ങൾ തുടങ്ങി നിരവധി സംരഭ സംവിധാനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-22 19:31:02

ലേഖനം നമ്പർ: 1110

sitelisthead