വീടുകളിൽ സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങൾ ആരംഭിക്കുന്നതിന് പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ വഴി ₹ 3 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതിയാണ് സൗരജ്യോതി. വർധിച്ചു വരുന്ന വൈദ്യുതി ഉപഭോഗവും വൈദ്യുതി ചെലവും കണക്കിലെടുത്ത് പാരമ്പര്യേതര ഊർജ സ്രോതസുകളിൽ നിന്നുള്ള വൈദ്യുത ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. 

2 മുതൽ 10 കിലോവാട്ട് വരെയുള്ള സോളാർ പ്ലാന്റുകൾ ആരംഭിക്കുന്നതിനാണ് വായ്പ. ഇ-കിരൺ പോർട്ടൽ വഴി സൗര സബ്‌സിഡി പദ്ധതി പ്രകാരമുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിന് രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. സബ്‌സിഡി കഴിഞ്ഞ് ഉപഭോക്താവ് ചെലവഴിക്കേണ്ട ആകെ തുകയുടെ 80 ശതമാനമോ, പരമാവധി ₹ 3 ലക്ഷമോ ആയിരിക്കും വായ്പ അനുവദിക്കുക. 10 % പലിശ നിരക്കിൽ 5 വർഷമാണ് തിരിച്ചടവ് കാലാവധി. നിയമാനുസൃതമായ ജാമ്യവ്യവസ്ഥകൾ പാലിച്ചാണ് വായ്പകൾ നൽകുന്നത്.

പദ്ധതി നടപ്പാക്കുന്ന ഡവലപ്പർ സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്, സാധ്യത സർട്ടിഫിക്കറ്റ് എന്നിവയടക്കം അപേക്ഷകർ താമസിക്കുന്ന പ്രദേശം പ്രവർത്തനപരിധിയായ ബാങ്ക്, സംഘം എന്നിവയിൽ വായ്പയ്ക്ക് അപേക്ഷിക്കാം. സബ്സിഡി മുഖേന നടപ്പാക്കുന്ന സൗരപദ്ധതിയാണെന്ന ഡവലപ്പറുടെ സാക്ഷ്യപത്രം വായ്പ അപേക്ഷയോടൊപ്പം വയ്ക്കണം. പദ്ധതി ചെലവിന്റെ സബ്സിഡി കഴിച്ചുള്ള തുകയുടെ ഗുണഭോക്തൃ വിഹിതമായ 20 ശതമാനം തുക ഗുണഭോക്താവ് നേരിട്ട് ഡവലപ്പർക്ക് നൽകണം. 

വായ്പ പാസായി സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ മെറ്റീരിയൽസ് ഇറക്കിയശേഷം വായ്പ തുകയുടെ 50 % തുക സംഘം വഴി ഡവലപ്പർക്ക് നൽകും. നിർമാണം പൂർത്തിയായശേഷം ഡവലപ്പർ സാക്ഷ്യപ്പെടുത്തിയ കംപ്ലീഷൻ സർട്ടിഫിക്കറ്റും ഇൻവോയ്സും സംഘത്തിൽ നൽകുന്ന മുറയ്ക്ക് അവസാനഗഡുവായ ബാക്കി 50 % തുകയും ഡവലപ്പർക്ക് നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-18 17:50:13

ലേഖനം നമ്പർ: 1054

sitelisthead