കുടുംബശ്രീ പദ്ധതികൾ, പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങൾ 46 ലക്ഷം അയൽക്കൂട്ട കുടുംബങ്ങളിലുൾപ്പെടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ  'റേഡിയോ ശ്രീ 'മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കുടുംബശ്രീ. കുടുംബശ്രീ വെബ്‌സൈറ്റ് മുഖേനെയും റേഡിയോ കേൾക്കാം.

24 മണിക്കൂർ തുടർച്ചയായ പ്രക്ഷേപണം ഉണ്ടാകും. രാവിലെ 7 മുതൽ ഉച്ച കഴിഞ്ഞ് 3 വരെയാണ് ആദ്യ ഷെഡ്യൂൾ. 3 മണിക്ക് ശേഷം 2 തവണ പരിപാടികളുടെ പുന:സംപ്രേഷണം ഉണ്ടാകും.
 
ആദ്യഘട്ടത്തിൽ പരിശീലനം ലഭിച്ച റേഡിയോ ജോക്കിമാർ മുഖേന വൈവിധ്യമാർന്ന ഒമ്പതോളം പരിപാടികൾ  പ്രക്ഷേപണം ചെയ്യും. മുഖ്യമായും വിനോദവും വിജ്ഞാനവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികളാണുണ്ടാവുക. 3 മാസങ്ങൾക്കുള്ളിൽ പരിപാടികൾ അവതരിപ്പിക്കാൻ കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തി ഈ രംഗത്ത് വിദഗ്ധ പരിശീലനം നൽകി റേഡിയോയുടെ പ്രവർത്തനങ്ങൾ കുടുംബശ്രീ ഏറ്റെടുക്കും. ഭാവിയിൽ സ്റ്റുഡിയോ അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കും.

പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും അയൽക്കൂട്ട വനിതകൾ/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ/ബാലസഭാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി റേഡിയോ ക്ലബുകൾ ആരംഭിക്കും. ഇവരിൽ നിന്നും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി പരിപാടികൾ അവതരിപ്പിക്കാൻ സജ്ജമാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-17 19:19:18

ലേഖനം നമ്പർ: 1050

sitelisthead