രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റല്‍ ഭൂപടം തയാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സര്‍വേ വകുപ്പ്. വെബ് അധിഷ്ഠിത സോഫ്‌റ്റ്വെയര്‍, 'ജലനേത്ര'യിലൂടെയാണ് സംസ്ഥാനത്തെ ജലാശയങ്ങളുടെ ഡിജിറ്റല്‍ ഭൂപട നിര്‍മാണം. കേരളത്തിലെ 590 കിലോമീറ്റര്‍ കടല്‍ത്തീരവും 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഉള്‍ക്കടല്‍, കേരളത്തിലെ നദികള്‍, കായല്‍, പുഴകള്‍, അണക്കെട്ടുകള്‍, റിസര്‍വോയര്‍, പാറക്കൂട്ടങ്ങള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, ചെറു അരുവികള്‍, കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ജലാശയങ്ങളുടെയും ഡിജിറ്റല്‍ ഭൂപടം ആണ് ജലനേത്രയിലൂടെ തയാറായിട്ടുള്ളത്.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി ഒരു കോടി രൂപ ചെലവിലാണ് സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചത്. ഈ പദ്ധതിയിലൂടെ ജലാശയങ്ങളുടെ അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങള്‍, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, ഓരോ കാലത്തും ഉണ്ടാകുന്ന തീരത്തിന്റെ മാറ്റങ്ങള്‍, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈര്‍ഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍, റിസര്‍വോയറുകളിലും അണക്കെട്ടുകളിലും ഉണ്ടാകുന്ന മണ്ണടിയല്‍, നാവിഗേഷന് ആവശ്യമായ സുരക്ഷ പാതകള്‍ എന്നിവ മനസിലാക്കാന്‍ സാധിക്കും. ഫിഷറീസ്, റവന്യൂ, ജലസേചനം, തുറമുഖം, കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ്, നാവികസേന, വൈദ്യുതി ബോര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിനോദസഞ്ചാരം തുടങ്ങി 24 ഓളം വകുപ്പുകള്‍ക്ക് ജലനേത്രയുടെ സേവനം പ്രയോജനപ്പെടുത്താനാകും.

മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും ബോട്ടുകളും ട്രാക്ക് ചെയ്യാനും ദിശ കൃത്യമായി അടയാളപ്പെടുത്താനും, അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും ഇതിലൂടെ സാധിക്കും. ഡ്രഡ്ജിങ് ആവശ്യങ്ങള്‍ക്കും ഹാര്‍ബര്‍ എന്‍ജിനീയറിങ് നിര്‍മിതിക്ക് ആവശ്യമുള്ള എസ്റ്റിമേഷന്‍, കോണ്ടൂര്‍ മാപ്പിംഗ്, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കാനും ജലനേത്ര സഹായകമാകും. മൊബൈല്‍ ആപ്പ് വഴി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് 2-ഡിയായും 3-ഡി ആയും ജലാശയങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാകും. എക്കോ സൗണ്ടര്‍, കറണ്ട് മീറ്റര്‍, സൈഡ് സ്‌കാന്‍ സോണാര്‍, ഡിഫറെന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം, ഹൈപാക്ക് സോഫ്‌റ്റ്വെയര്‍, വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്യാമറകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ജലനേത്രയ്ക്ക് ആവശ്യമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. jalanethra.hsw.kerala.gov.in/survey-management-system പോര്‍ട്ടലിന് പുറമെ തീരം മൊബൈല്‍ ആപ്ലിക്കേഷനും ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച ഇ-ഗവര്‍ണന്‍സ് പദ്ധതിക്കുള്ള അവാര്‍ഡിനും കേന്ദ്ര സര്‍ക്കാരിന്റെ ഐ.ടി ഗവര്‍ണന്‍സ് പദ്ധതിക്കുള്ള അവാര്‍ഡിനും ജലനേത്രയെ പരിഗണിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-24 16:39:06

ലേഖനം നമ്പർ: 1064

sitelisthead