ഇതര സംസ്ഥാന തൊഴിലാളികളെ സമ്പൂർണ മലയാളം സാക്ഷരരാക്കാൻ മലയാളം മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് 'അനന്യമലയാളം - അതിഥി മലയാളം പരിപാടി'. തൊഴിലാളികൾക്ക് മലയാള ഭാഷ അറിയാനും ഉപയോഗിക്കാനും പ്രാപ്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളുടെയും ആശാപ്രവർത്തകരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടം 75,000 അതിഥി തൊഴിലാളികളുള്ള കഴക്കൂട്ടം മണ്ഡലത്തിൽ നടപ്പാക്കും.

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലും കേന്ദ്രീകരിച്ചിട്ടുള്ള മേഖലകളിൽ മലയാളം മിഷൻ അനന്യ മലയാളം പാഠശാലകൾ തുടങ്ങി തൊഴിലാളികളുടെ സമയക്രമത്തിനനുയോജ്യമായ രീതിയിൽ സൗജന്യമായി ക്ലാസുകൾ നൽകും. തൊഴിലാളികൾക്കിടയിൽ മലയാള ഭാഷ ജ്ഞാനമുള്ളവരെയും സന്നദ്ധ പ്രവർത്തകരെയും കണ്ടെത്തി പരിശീലനം നൽകുകയും ഇവർ മറ്റുള്ളവരെ മലയാളം പഠിപ്പിക്കുകയും ചെയ്യും. 

സ്വന്തം ഭാഷ അറിയുന്ന അധ്യാപകർ മലയാളം പഠിപ്പിക്കുന്നത് തൊഴിലാളികളിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിനാൽ പരിപാടിയുടെ 2-ാം ഘട്ടത്തിൽ 24 ഓളം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഉൾപ്പെടുത്തി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനായി കേരള പൊലീസിന്റെയും തൊഴിൽവകുപ്പിന്റെയും സഹായത്തോടെ തൊഴിലാളികളുടെ പട്ടിക പ്രാദേശിക ഭാഷാടിസ്ഥാനത്തിൽ തയാറാക്കി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ സജ്ജീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-18 18:48:58

ലേഖനം നമ്പർ: 1056

sitelisthead