കൈത്തറിയുടെ ഉത്ഭവം,വികാസം, പരിണാമം, ആധുനികവത്കരണം, ഇന്ത്യൻ വസ്ത്ര നിർമിതി, കേരളീയ പാരമ്പര്യം, തറികളുടെ വികാസവും വിശദാംശങ്ങളും, ദേശീയ പ്രസ്ഥാനവും കൈത്തറിയും, കണ്ണൂരിലെ കൈത്തറി പാരമ്പര്യം, നൂതന കൈത്തറി വ്യവസായം എന്നീ ആശയങ്ങൾക്ക് പ്രാധാന്യം നൽകി ഇന്ത്യയിലെ ആദ്യ  കൈത്തറി മ്യൂസിയം 'ഓടം' (ഊടും പാവും നെയ്യാൻ നൂലോടിക്കുന്ന ഉപകരണമാണ് ഓടം.) കണ്ണൂർ പയ്യാമ്പലം ഹാൻഡ് വീവ് ക്യാംപസിലെ പൈതൃക മന്ദിരത്തിൽ തുറന്നു നൽകി. ₹ 2.06 കോടി ചെലവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ 10 ഗാലറികളിലാണ് മ്യൂസിയം തയാറയിട്ടുള്ളത്.

പഞ്ഞിയും നൂലും, നൂൽ നൂൽക്കൽ, നെയ്ത്ത്, മിനുസപ്പെടുത്തൽ, അച്ചടിയും ചായം മുക്കലും, അവസാന മിനുക്കുകൾ തുടങ്ങി എല്ലാ ഘട്ടങ്ങളും വിശദമായി ചിത്രങ്ങൾക്കൊപ്പം വിവരണവും മ്യൂസിയത്തിൽ നൽകിയിട്ടുണ്ട്. പഴയ കാല തറി, കുഴിത്തറി എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പണ്ടുകാലത്തെ വേഷവിധാനങ്ങളോടെയുള്ള രൂപങ്ങളും മ്യൂസിയത്തിൽ കാണാം. ടൂറിസം ഭൂപടത്തിൽ കൈത്തറിയ്ക്ക് പ്രാധാന്യം നൽകാനും ഗവേഷണ വിദ്യാർഥികൾക്കും പുതുതലമുറയ്ക്കും പഠിക്കാനും മികച്ചയിടമായി ഓടം മ്യൂസിയം മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-18 17:52:07

ലേഖനം നമ്പർ: 1055

sitelisthead