തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള പോർട്ടലാണ് പോഷ് കംപ്ലയൻസ് പോർട്ടൽ. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതും ഇതിന്മേലുള്ള മേൽനോട്ട സംവിധാനമായി പ്രവർത്തിക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം. 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളിൽ ഒരു ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുകയും ഈ കമ്മിറ്റി സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കരുതൽ നടപടികൾ എടുക്കുകയും  അതിക്രമം നടന്നാൽ പരിഹാരവും ശിക്ഷാനടപടികൾക്കുള്ള മാർഗങ്ങളും സ്വീകരിക്കുകയും അത് സ്ഥാപനമേധാവിയെ ധരിപ്പിക്കുകയും ചെയ്യണമെന്നാണ്‌ നിയമം.

എല്ലാ സ്ഥാപനങ്ങളും  ഇന്റേണൽ കമ്മിറ്റികൾ, മെമ്പർമാർ, ഈ ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ എന്നിവ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കംപ്ലയന്റ്സ് കമ്മിറ്റികളില്ല എന്നുള്ളതും അതോടൊപ്പം തന്നെ ഈ സമിതികളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച കൃത്യമായ വിവര ശേഖരണം നടത്തുന്നതിനും സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കംപ്ലയന്റ്‌സ് കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വനിത ശിശുവികസന വകുപ്പിന് പോർട്ടൽ മുഖാന്തിരം സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-27 14:32:51

ലേഖനം നമ്പർ: 926

sitelisthead