നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കായി വലിച്ചെറിയല്‍ മുക്ത കാമ്പയിന് ജനുവരി 26-ന് തുടക്കം. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് കാമ്പയിന്‍ നടത്തുന്നത്. ജനുവരി 26 മുതല്‍ 30 വരെയാണ് ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യകൂനകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി പ്രസ്തുത സ്ഥലങ്ങള്‍ ആകര്‍ഷകമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടമായി നടത്തുന്നത്.

ശുചീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏകോപിപ്പിക്കും. മാലിന്യ നിക്ഷേപം നീക്കം ചെയ്തതിനുശേഷം പ്രസ്തുത സ്ഥലങ്ങളില്‍ പൂന്തോട്ടം, പാര്‍ക്ക്, ആകര്‍ഷകമായ ചിത്രങ്ങള്‍ എന്നിവ കൊണ്ട് മനോഹരമാക്കി പിന്നീട് മാലിന്യം നിക്ഷേപിക്കാന്‍ തോന്നാത്ത വിധം മോടി പിടിപ്പിക്കുക എന്നതും കാമ്പയിന്‍ ലക്ഷ്യമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്‌കൂള്‍ കോളേജ്, എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി. വോളന്റിയര്‍മാര്‍, വിവിധ തലങ്ങളിലുളള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നത്.

പ്രാദേശിക സംഘാടക  സമിതികള്‍ രൂപീകരിച്ച് മാലിന്യ നിക്ഷേപം പൊതു ഇടങ്ങളില്‍ തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ഇതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനതലങ്ങളില്‍ ഏര്‍പ്പെടുത്തും. 2025 മാര്‍ച്ച് 30-നകം കേരളത്തെ സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ നടപ്പാക്കുന്നത്.

മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധ ഗ്രാമസഭകൾ ചേരും. ആദ്യഘട്ടത്തിൽ ഓരോ ജില്ലയേയും വലിച്ചെറിയൽ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും. തുടർന്ന് സംസ്ഥാനതലത്തിൽ പ്രഖ്യാപനം നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-27 12:14:32

ലേഖനം നമ്പർ: 922

sitelisthead