സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) ഇ - കാർട്ടുകൾ നിരത്തിലിറക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇ - കാര്‍ട്ടുകളാണ് പ്രവർത്തനസജ്ജമായത്.  1978-ൽ സ്ഥാപിതമായ  കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്  യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ  ഇലക്ട്രിക് ത്രീ വീലറുകൾ നിർമിച്ചുവരുന്നു. പൊതുമേഖലാ രംഗത്ത് രാജ്യത്തെ ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കിയ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ബാറ്ററി ഉള്‍പ്പെടെയുള്ള പോരായ്മകള്‍ പരിഹരിച്ചാണ് ഇ കാര്‍ട്ടുകള്‍ പുറത്തിറക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ നീക്കത്തിനും ഇവ ഉപയോഗിക്കാന്‍ കഴിയും. തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രീന്‍ സ്ട്രീം ഇ - കാര്‍ട്ടിന് 2,765 എം.എം നീളവും 980 എം.എം വീതിയുമുണ്ട്. 2,200 എം.എം വീല്‍ ബേസും 145 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും ഗ്രാമീണ റോഡുകളില്‍ പോലും വാഹനത്തിന് സുഗമമായി കടന്നുപോകാന്‍ സഹായിക്കും. 

ടെന്റര്‍ നടപടികളില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെ.എ.എല്ലില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുളള ഉത്തരവായിട്ടുണ്ട്. വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്കും, സ്മാര്‍ട്ട് സിറ്റി, കുടുംബശ്രീ തുടങ്ങിയ പദ്ധതികള്‍ക്കും ഇ -കാര്‍ട്ടുകള്‍ വിപണനം നടത്താനാണ് കെ.എ.എല്‍ ലക്ഷ്യമിടുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചും ഫെറോക്ക് മുന്‍സിപ്പാലിറ്റി മൂന്നും ഇ - കാര്‍ട്ടുകള്‍ വാങ്ങിയിട്ടുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും ഇ - കാര്‍ട്ടുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇതരസംസ്ഥാനങ്ങളിലും ആഫ്റ്റര്‍ സെയില്‍സ് സര്‍വ്വീസോടുകൂടിയ ഡീലര്‍ ശൃംഖല വേഗത്തില്‍ വികസിപ്പിച്ചുവരികയാണ്.കേരളത്തെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിന്റെ ഹബ്ബായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് തലത്തിൽ നടന്നു വരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-13 11:08:56

ലേഖനം നമ്പർ: 901

sitelisthead