കേരളം ഇന്ന്  ത്വരിതഗതിയിലുള്ള  വ്യവസായ വളർച്ചയുടെ  പാതയിലാണ്. കേരളത്തിന്റെ വ്യവസായ സൗഹൃദസംവിധാനങ്ങൾ സ്റ്റാർട്ടപ്പ് മേഖലയെ ഉത്തേജിപ്പിക്കുകയും ഒരു  സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം സൃഷിക്കുന്നതിന് സഹായകമാവുകയും ചെയ്തു. കേരളത്തിന്റെ വ്യാവസായിക രംഗത്തുണ്ടായികൊണ്ടിരിക്കുന്ന വികസനങ്ങൾക്കും സംസ്ഥാനത്തെ ഒരു സംരംഭക സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിലും  സ്റ്റാർട്ടപ്പ് മിഷന്റെ പങ്ക് ഏറെ വലുതാണ്. ടെക്നോപാർക്കിന്റെ ടെക്നോളജി ഇൻക്യൂബേഷൻ സെന്റർ ആയി പ്രവർത്തനം ആരംഭിച്ച് ഇന്ന് സർക്കാരിന്റെ സംരംഭകത്വ വികസന പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന നിലയിലേക്ക് സ്റ്റാർട്ടപ്പ് മിഷൻ വളർന്നു കഴിഞ്ഞു. 2015-ൽ 200 സ്റ്റാർട്ടപ്പുകളിൽ 128 കോടിയുടെ നിക്ഷേപമെന്നത് 2022-ൽ 4000 സ്റ്റാർട്ടപ്പിലൂടെ 4280 കോടിയായി വളർന്നു.

അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംരംഭകത്വം യുവാക്കളിൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ് മിഷന് രൂപം നൽകിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യവിഭവ സൂചിക എന്നിവയിലുള്ള കേരളത്തിന്റെ മികവാർന്ന പ്രകടനം വലിയ തോതിലുള്ള നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന് കാരണമാണ്.

66000 സ്റ്റാർട്ടപ്പുകളുമായി ലോകത്ത് 3-ാം സ്ഥാനത്താണ് ഇന്ത്യ. സ്റ്റാർട്ടപ്പ് ഇന്ത്യ റാങ്കിങ് അനുസരിച്ച് സ്റ്റാർട്ടപ്പുകളുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളം. 30000-ൽ അധികം സംരഭകരുള്ള സ്റ്റാർട്ടപ്പ് മേഖല നിരവധി ആളുകൾക്കാണ് ജോലി അവസരങ്ങൾ പ്രധാനം ചെയ്യുന്നത്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സംസ്ഥാനത്തെമ്പാടും സ്റ്റാർട്ടപ്പ് മിഷൻ നടത്തി വരുന്നത്.  കേരളത്തിലുടനീളം 345 കോളേജുകളിൽ ​ഇന്നോവേഷൻ  ആൻഡ് എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് സെന്ററുകളും , കെ-ഡിസ്ക്ന്റെ നേതൃത്വത്തിൽ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമുകളും നിലവിലുണ്ട്. വിപണി മൂല്യമുണ്ടെന്നു കരുതുന്ന ആശയങ്ങൾ കുട്ടികളിൽ നിന്നും സ്വീകരിച്ചു ഐഡിയ ഗ്രാൻഡ് നൽകി അവയെ വികസിപ്പിക്കാൻ സഹായിക്കുന്നു. ആശയത്തെ വികസിപ്പിച്ചു ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കുന്നതിന് 3 ലക്ഷം രൂപ വരെ ഗ്രാൻഡ് നൽകും. പ്രോട്ടോടൈപ്പിനെ വിപണിയിൽ എത്തിക്കുന്നതിന് 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. ഒരിക്കൽ വിപണിയിൽ എത്തിയാൽ കൂടുതൽ വിപണി കണ്ടെത്തുന്നതിനായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎഫ്‌സി, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങൾക്കും, അല്ലെകിൽ സ്റ്റാർട്ടപ്പ് മിഷന്റെ തന്നെ എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സിനും ഈ സംരംഭകരെ സഹായിക്കാൻ കഴിയും. 

അന്തരാഷ്ട്രതലത്തിൽ വളരുന്നത്തിന് ഫണ്ട് ഓഫ് ഫണ്ട് സംവിധനത്തിൽ ഉള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ സഹായവും തേടും. ഇത്തരം കമ്പനികൾക്ക് വേണ്ട ഭൗതീക സാഹചര്യവും സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കി നൽകും. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ വഴി ഉത്പ്പന്നങ്ങളുടെ ടെസ്റ്റിംഗ് സൗകര്യം ഒരുക്കി കൊടുക്കും. ഫാബ് ലാബുകളുടെയും, മേക്കർ വില്ലേജിന്റെയും സഹായത്തോടെ പെട്ടെന്ന് തന്നെ പ്രോട്ടോടൈപ്പ്  ചെയ്യാവുന്ന രീതിയിലും സൗകര്യങ്ങൾ ഒരുക്കും. വിപണി കണ്ടെത്തുന്നതനായി ദേശീയ അന്തർദേശീയ സെമിനാറുകളും  കോൺഫറൻസുകളും സംഘടിപ്പിക്കുകയും ചെയുന്നു. 

ഇന്ന് സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ 63 ഇൻക്യൂബേറ്ററും, 375 മിനി ഇൻക്യൂബേറ്ററും, ഒരു സൂപ്പർ ഫാബ് ലാബും, 3 ഫാബ് ലാബും, 20 മിനി ഫാബ് ലാബും പ്രവർത്തിക്കുന്നു. 10 ലക്ഷത്തിലധികം ചതുരശ്രയടി ഇൻക്യൂബേഷൻ ഏരിയയുമുണ്ട്. ഇതിൽ 90 ശതമാനത്തിലധികവും 2016-നു ശേഷം ഒരുക്കിയതാണ്. 750 കോടിയിലധികം രൂപയാണ് സർക്കാർ ഫണ്ട് ഓഫ് ഫണ്ടായി സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കിയത്. 22.4  കോടി രൂപ ഇന്നോവേഷൻ ഗ്രാൻഡായും നൽകി.

ഫിൻടെക് സ്റ്റാർട്ടപ്പുകളാണ് കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്-1720 കോടി. ഹെൽത്ത് ടെക് 1176 കോടിയും എന്റർപ്രൈസ് ടെക് 1024 കോടിയും നിക്ഷേപം സ്വന്തമാക്കി. ഹാർഡ്‌വെയർ രംഗത്തെ സ്റ്റാർട്ടപ്പ് രാജ്യത്ത് മൊത്തം 6 % ആണ് ഇതിൽ 3 % കേരളത്തിലാണ്. സ്റ്റാർട്ടപ്പുകളിൽ 11 % വനിത സംരഭകരുടേതാണ്.

രാജ്യത്തെ നമ്പർ 1 സ്റ്റാർട്ടപ്പ് സെന്റർ ആയി കേരളത്തെ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് സ്റ്റാർട്ടപ്പ് മിഷൻ ഊന്നൽ നൽകുന്നത്. കേരളം സംരംഭകരുടെ ഇഷ്ടസ്ഥലമാണെന്ന് തെളിയിച്ച വർഷമായിരുന്നു 2022. ഒരു ലക്ഷത്തിലധികം സംരഭങ്ങൾ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ചു. ഇതിൽ സ്റ്റാർട്ടപ്പുകളുടെ പങ്കും വളരെ വലുതാണ്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ സ്റ്റാർട്ടപ്പുകൾ ഉയർത്തികൊണ്ടുവരാനുള്ള തീവ്രമായ ശ്രമത്തിലാണ് നിലവിൽ സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് മിഷനെക്കുറിച്ചുള്ള വിവരങ്ങൾക്ക് startupmission.kerala.gov.in 8047180470

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-11 17:32:35

ലേഖനം നമ്പർ: 895

sitelisthead