കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുക, നിരത്തുകളിലെ വാഹനപെരുപ്പം കാരണമുള്ള ​ഗതാ​ഗതക്കുരുക്കുകൾ ഒഴിവാക്കുക, ന​ഗരങ്ങളിലെ റസിഡൻഷ്യൽ ഏരിയകളിലുള്ളവരെ പ്രധാന റോഡുകളിലേക്ക് എത്തിക്കുക, കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് കെഎസ്ആർടിസി നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ഫീഡർ സർവ്വീസിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഫീഡർ സർവീസുകൾ ആരംഭിക്കുന്നത്. സർവ്വീസ് വിജയകരമായാൽ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല - കുടപ്പനക്കുന്ന് - എ.കെ.ജി നഗർ - പേരൂർക്കട - ഇന്ദിരാ നഗർ - മണികണ്ഠേശ്വരം - നെട്ടയം - വട്ടിയൂർക്കാവ് - തിട്ടമംഗലം - കുണ്ടമൺകടവ് - വലിയവിള - തിരുമല റൂട്ടിലാണ് ആദ്യ സർവ്വീസ്. ദൈനം ദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദ്ദേശിച്ചാണ് ഫീഡർ സർവ്വീസ് ആരംഭിച്ചത്. 6 മുതൽ 24 സീറ്റുകൾ വരെയുള്ള ചെറുവാഹനങ്ങൾ ഉപയോഗിച്ചാണ് ഫീഡർ സർവ്വീസ് നടത്തുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരം സംവിധാനങ്ങളുടെ സമയവിവരങ്ങളും യാത്രാ സാധ്യതകളും യാത്രക്കാർക്ക് തത്സമയം നൽകുന്നതിലൂടെ സമയബന്ധിതവും സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പ് നൽകാൻ കഴിയും. സിറ്റി സർക്കുലർ, ഫീഡർ സർവ്വീസുകളിൽ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രധാന ആകർഷണം.

ഈ ബസുകളിലെ യാത്ര പൂർണ്ണമായും ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസുകളിലും യാത്ര ചെയ്യാൻ സാധിക്കും. സർവ്വീസ് നടത്തുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് കാർഡിന്റെ വിതരണവും റീച്ചാർജ്ജിംഗും ലഭ്യമാക്കും. ഫീഡർ ബസുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും കാർഡുകൾ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും. പ്രാരംഭമായി 100 രൂപയ്ക്ക് ചാർജ്ജ് ചെയ്താൽ 100 രൂപയുടെ യാത്രാ നടത്താൻ കഴിയും. 100 രൂപ മുതൽ 2000 രൂപ വരെ ഒരു ട്രാവൽ കാർഡിൽ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും. ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്തും ഉപയോഗിക്കാം. 250 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ്ജുകൾക്ക് 10 % അധിക മൂല്യം ലഭിക്കും. ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിൽ ഉണ്ടാകുക. ഫോൺ പേ വഴിയുളള QR കോഡ് ടിക്കറ്റിംഗും ഉടൻ നടപ്പിലാക്കും. ഏകദേശം 7.5 കി.മി ദൂരം വരുന്ന 3 ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 

ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്നത്. ബസിനുള്ളിലും പുറത്തും സി സി ടി വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ 6 മുതൽ 25 സീറ്റർ വരെയുള്ള വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ കരാറിൽ ഏർപ്പെട്ട് വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസൻസ് ഫീ അടിസ്ഥാനത്തിലോ തിരഞ്ഞെടുത്ത ഏരിയകളിൽ സർവ്വീസ് നടത്തുന്നതും പരിഗണനയിലുണ്ട്.

 രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എം.സി റോഡ്, തിരുവനന്തപുരം - നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട - വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം - കാട്ടാക്കട റോഡ് എന്നിങ്ങനെ 4 പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആദ്യ ഫീഡർ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. റസിഡൻസ് അസോസിയേഷനുകൾ മുഖാന്തിരം 2000 ട്രാവൽ കാർഡുകൾ വിതരണം നടത്തിയിട്ടുണ്ട്. ഫീഡർ സർവ്വീസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് ഫീഡർ സർവ്വീസുകളുടെ നോഡൽ ആഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റർ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് - ഈ-മെയിൽ cty@kerala.gov.in .

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-17 16:17:50

ലേഖനം നമ്പർ: 905

sitelisthead