മതനിരപേക്ഷത, ജനാധിപത്യം, സ്ഥിതിസമത്വം തുടങ്ങിയ ഭരണഘടന ദർശനങ്ങളും പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചകളില്ലാതെ ഉൾച്ചേർത്ത്  സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമായി.  ദേശീയ വിദ്യാഭ്യാസനയം 2020-ൻറെ തുടർച്ച എന്ന നിലയിലാണ്  സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയാറാക്കി വരുന്നത്. സ്കൂൾ വിദ്യാഭ്യാസം, പ്രീസ്കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ 4 മേഖലകളിൽ സംസ്ഥാനപാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്. അതിൻറെ അടിസ്ഥാനത്തിൽ ഭരണഘടന നിലപാടുകൾക്കനുസൃതമായാണ് പാഠ്യപദ്ധതി തയാറാക്കുന്നത്. ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവിഭാഗങ്ങളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കഴിഞ്ഞ 7 പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നത്. ഇക്കാലയളവിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാനും കേരളത്തെ ഒരു നവ വൈജ്ഞാനിക മേഖലായായി പരിണമിപ്പിക്കാനും നിരവധി ശ്രമങ്ങളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. 2020-ൽ UNDP  ഇറക്കിയ ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ട് പ്രകാരം ദേശീയാടിസ്ഥാനത്തിൽ ശരാശരി സ്കൂളിംഗ് (കുട്ടികൾ സ്കൂളിലെത്തുന്ന ശരാശരി വർഷങ്ങൾ) 6.5 വർഷം മാത്രമുള്ളപ്പോൾ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിച്ച് 12 വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ വിദ്യാഭ്യാസഘട്ടം പൂർത്തിയാക്കുന്നുവെന്നത് കേരളം വിദ്യാഭ്യാസമേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണ്. 

മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കുന്ന, തുല്യതയിലൂന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി ഓരോ കുട്ടിയുടെയും ഇടമായി പൊതുവിദ്യാലയങ്ങളെ വളർത്തിയെടുക്കാനുള്ള സമഗ്രമായ ശ്രമങ്ങൾക്കാണ് വിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ചിട്ടുള്ളത്. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി, അത് ഏറ്റവും ഉന്നതിയിലെത്തിക്കാനുള്ള  അവസരങ്ങൾ പ്രധാനം ചെയ്യുകയെന്ന ലക്ഷ്യത്തിനായി ആഴത്തിലുള്ള സാമൂഹിക-അക്കാദമിക ചർച്ചകൾ അനിവാര്യമാണ്. ഇതിനായി സമൂഹത്തിലെ വിദ്യാഭ്യാസതല്പരർ, വിവിധ മേഖലയിലെ വിദഗ്ധർ, സംരഭകർ, സാങ്കേതിക വിദഗ്ധർ, കാർഷിക മേഖലയിലടക്കം വിവിധ ജീവിതതുറകളിൽ അനുഭവസമ്പത്തുള്ളവർ, വിദ്യാർഥികൾ തുടങ്ങി എല്ലാവരുടെയും അറിവും അനുഭവങ്ങളും കോർത്തിണക്കുന്ന രീതിശാസ്ത്രം പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് അവലംബിക്കും.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പകുതിപേർ ഉന്നതവിദ്യാഭ്യാസ ഘട്ടത്തിലേക്ക് പോകുമ്പോൾ പകുതിയിലധികം ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇങ്ങനെ ജീവിതത്തിലേക്ക് തിരിയുന്നവർക്ക് തൊഴിൽമേഖലകളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിനാവശ്യമായ അറിവോ കഴിവോ നൈപുണിയോ സ്കൂൾ വിദ്യാഭ്യാസഘട്ടത്തിൽ ലഭിക്കുന്നില്ലന്ന വിമർശനം ഉൾക്കൊണ്ടുകൊണ്ട്, കേരളത്തിൽ ലഭ്യമായ തൊഴിൽസാധ്യതകൾ അഭിമാനബോധത്തോടെ പ്രയോജനപ്പെടുത്തുവാൻ നമ്മുടെ അഭ്യസ്തവിദ്യരായ തൊഴിൽശക്തിക്ക് കഴിയുന്നില്ലന്ന വസ്തുതകളെ മനസിലാക്കി, കുട്ടികളിൽ തൊഴിലിനോടുള്ള മനോഭാവം വളർത്തുക, തൊഴിൽപരിചയം നേടുക തുടങ്ങിയ പ്രതിവിധികളെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. തൊഴിൽവിദ്യാഭ്യാസത്തെ (വർക്ക് എഡ്യൂക്കേഷൻ) സ്കൂൾ പാഠ്യപദ്ധതിയിൽ ശാസ്ത്രീയമായി ഉൾച്ചേർക്കും.
വിജ്ഞാനമേഖലകളിലുണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള നടപടികളാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി, പാഠ്യപദ്ധതിയെ 26 ഫോക്കസ് മേഖലകളായി തിരിച്ചു ബന്ധപ്പെട്ടുള്ള നിലപാട് രേഖകൾ തയാറാക്കുന്നതിന് ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് അവയുടെ പ്രവർത്തനം നടന്നുവരുകയാണ്. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള സമഗ്രമായ ജനകീയ ചർച്ചകൾ നടത്തി പൊതുജനാഭിപ്രായം ശേഖരിച്ചുവരികയാണ്. 

എല്ലാ ജില്ലകളിലും ജില്ലാപഞ്ചായത്ത് പ്രസിഡൻറ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല സംഘാടകസമിതിയും എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും സംഘാടകസമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ സ്കൂളുകളിലും സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ സ്കൂൾതല സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോതലത്തിലും നടക്കുന്ന ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിന് റിസോഴ്സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

സ്കൂൾതല ജനകീയ ചർച്ച: എല്ലാ സ്കൂളുകളിലും സ്കൂൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥി-യുവജനസംഘടന പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ സംഘടിപ്പിച്ച് വരികയാണ്.

പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള ചർച്ച:പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രാതിനിധ്യ സ്വഭാവത്തോടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്തലത്തിലും ജനകീയ ചർച്ച സംഘടിപ്പിക്കും. മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ പ്രാദേശികതല ചർച്ച ഒന്നിലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.

ബ്ലോക്ക്തല ചർച്ചയും ക്രോഡീകരണവും:ഗ്രാമപഞ്ചായത്ത്  റിപ്പോർട്ടുകളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ ചർച്ചകളിലൂടെ ക്രോഡീകരിക്കും. പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധർ, രാഷ്ട്രീയ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിൻറെ വൈവിധ്യം ഉൾക്കൊള്ളുന്ന പ്രാതിനിധ്യം ഈ ചർച്ചയിലും ഉറപ്പുവരുത്തും.

കുട്ടികളുടെ ചർച്ചകൾ:എല്ലാ വിദ്യാലയങ്ങളിലും നവംബർ 17ന് ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചർച്ചകൾക്കായി മാറ്റിവെക്കും. കുട്ടികളുടെ നിർദേശങ്ങൾ ഒരു സുപ്രധാന ഡോക്യുമെൻറായി തയാറാക്കി പ്രസിദ്ധീകരിക്കും.

ഓൺലൈൻ പ്ലാറ്റ് ഫോം: kcf.kite.kerala.gov.in പ്ലാറ്റ്ഫോം വഴി പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി നിർദേശങ്ങൾ സമർപ്പിക്കാം.

ഭാവിപ്രവർത്തനങ്ങൾ

2022 നവംബർ 30 - 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും

2022 ഡിസംബർ 31 - കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരണം 

2023 ജനുവരി -കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മേഖലാതല സെമിനാറുകൾ, ചർച്ചകൾ .

2023 ഫെബ്രുവരി- പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തികരണം 

2023 മാർച്ച് - പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക് തുടക്കം  .

2023 ഒക്ടോബറിൽ -പാഠപുസ്തക രചന ഒന്നാം ഘട്ടം പൂർത്തീകരണം 

2024-25 -  അധ്യായനവർഷത്തിൽ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച പാഠപുസ്തകങ്ങൾ നിലവിൽ വരും.

2025-26 -അധ്യായനവർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരും.

ജ്ഞാനസമൂഹം നിരന്തരമായി അറിവ് സൃഷ്ടിക്കുന്ന സമൂഹമാണ്. നൂതനത്വം (Innovation) ആണ് പ്രസ്തുത സമൂഹത്തിൻറെ സവിശേഷത. ഇത്തരം ഒരു സമൂഹത്തിലെ വിദ്യാഭ്യാസം, അറിവ് സൃഷ്ടിക്കുന്ന കുട്ടിയെ വളർത്തിയെടുക്കുന്നതാകണം. മത്സരാധിഷ്ഠിത കാലഘട്ടത്തിൽ ആ അറിവ് എങ്ങനെ പ്രയോഗിക്കണമെന്നും സാങ്കേതികവിദ്യകളുടെ വിതരണവും ഉപയോഗവും കൃത്യമായി വിദ്യാർഥികളിത്തിക്കുന്നതരത്തിലുള്ള കൃത്യതയാർന്നതും സർവതല സ്പർശിയായതുമായ പാഠ്യപദ്ധതിയാണ് സൃഷ്ടിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-09 12:46:41

ലേഖനം നമ്പർ: 830

sitelisthead