പുഷ്പകൃഷിയുടെ അനന്തമായ സാധ്യതകൾ തിരിച്ചറിഞ്ഞ് കാർഷിക രംഗത്ത് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തു പുഷ്പകൃഷി സജീവമായിരിക്കുകയാണ്. ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കൾ തേടി അന്യസംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഈ വർഷത്തിൽ  പ്രകടമായ മാറ്റമാന് സംഭവിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കാർഷിക സഹകരണ സംഘങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും പ്രാദേശികമായി ഓണത്തിനോടനുബന്ധിച്ചു പൂ ഉത്പ്പാദിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കൂട്ടായ പരിശ്രമങ്ങൾ കാര്യമായ വിജയം കണ്ടു. പൂകൃഷി അപൂർവതയായിരുന്ന കേരളത്തിൽ ഇതിന്റെ സാധ്യതകളും സൗന്ദര്യവും തിരിച്ചറിഞ്ഞ് സർക്കാർ പിന്തുണയുള്ള സംരംഭങ്ങൾക്ക് പുറമേ വ്യക്തിഗത കൃഷിക്കാരും സംഘടനകളും ഈ മേഖലയിലേയ്ക്ക് കടന്നുവന്നത് പൂവിപണിയിലെ വിലക്കയറ്റ നിയന്ത്രണത്തിനും ലഭ്യതയ്ക്കും കാരണമായി. 

വിവിധ ജില്ലകളിൽ സമഗ്രമായ രീതിയിലാണ് പുഷ്പകൃഷി സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ കുടുംബശ്രീയുടേയും തൊഴിലുറപ്പു തൊഴിലാളികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സ്വന്തം കൃഷിയിടങ്ങളിൽ ബന്ദിയും ജമന്തിയും വാടാമല്ലിയുമായി 18.40 ഏക്കറിലാണ് പൂകൃഷി നടത്തിയത്. തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ(ജെ.എൽ.ജി), പുരുഷസ്വയം സഹായസംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പുഷ്പകൃഷി നടത്തി നേട്ടം കൊയ്തത്. ജില്ലയിൽ ഏറ്റവുമധികം പുഷ്പകൃഷി വൈക്കം ബ്ളോക്കിലാണ്. ഇവിടെ അൻപതോളം സംഘങ്ങളാണ് പുഷ്പകൃഷി നടത്തിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കിയ ഒരുകുട്ട പൂവ്പദ്ധതിയിൽ 15 ഏക്കർ സ്ഥലത്താണ് ബന്ദിപ്പൂ കൃഷി ചെയ്തത്. പച്ചക്കറിയോടൊപ്പം നടത്തുന്ന പുഷ്പകൃഷിയ്ക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. മറവൻതുരുത്ത്, ചെമ്പ്, തലയാഴം പഞ്ചായത്തുകളിലും പുഷ്പകൃഷി വലിയ വിജയമായി മാറി. നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ കൈപ്പുഴ സെന്റ് ജോർജ് സ്‌കൂളിന്റെയും ജെ.എൽ. ഗ്രൂപ്പുകളുടേയും സഹകരണത്തോടെ രണ്ടരയേക്കറിൽ നടത്തിയ പുഷ്പകൃഷിയിൽ 100 കിലോയോളം ബന്ദിപൂക്കൾ വിളവെടുത്തു. മരങ്ങാട്ടുപിള്ളിയിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒരുമ പൂമണം എന്ന പേരിൽ 20 സെന്റ് സ്ഥലത്താണ് ജമന്തിപ്പൂ കൃഷി ചെയ്തത്. കർഷക കർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ രണ്ടായിരത്തോളം ജമന്തിത്തൈകളും വിതരണം ചെയ്തിരുന്നു. ഇവയും പൂവിട്ടുനിൽക്കുകയാണ്. 100 കിലോയോളം പൂക്കൾ ഇവിടെനിന്നു ലഭിക്കും. പഞ്ചായത്തിലാകെ 200 കിലോ പൂക്കൾ വിളവെടുക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

പാമ്പാടി ബ്ലോക്കിലെ മീനടം, പള്ളിക്കത്തോട് പഞ്ചായത്തുകളിലും 30 സെന്റ് വീതം വാഴൂർ ബ്ലോക്കിലെ 10 സെന്റ് സ്ഥലത്തും ഇക്കുറി പുഷ്പകൃഷിയുണ്ട്. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ 15 സെന്റ് സ്ഥലത്ത് 1000 ബന്ദി തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ നാമമാത്ര സ്ഥലങ്ങളിൽ മാത്രമായിരുന്ന പുഷ്പകൃഷിയാണ് ജില്ലയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ വിജയകരമായി വിപുലീകരിച്ചത്. 

ഓണത്തെ വരവേൽക്കാൻ  ബന്ദി പൂക്കളുമായായാണ് എറണാകുളത്തെ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ പൂകൃഷി നടത്തിയത്. പഞ്ചായത്തിലെ പാറക്കടവ് ബ്ലോക്ക് ആഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലാണ് പൂ കൃഷി ആരംഭിച്ചത്. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജൂൺ മാസത്തിലാണ് 20 സെന്റ് സ്ഥലത്ത് ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച മഞ്ഞ, ഓറഞ്ച് പൂക്കളുടെ ഹൈബ്രിഡ് തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. മൂന്ന് മാസം പിന്നിടുമ്പോൾ എല്ലാ ചെടികളും പൂവിട്ട് കഴിഞ്ഞു. അത്തത്തിനോട് അടുത്ത ദിവസങ്ങളിൽ എല്ലാ ചെടികളും വിളവെടുത്തു. പഞ്ചായത്തിന്റെ ഇക്കോ ഷോപ്പിൽ പൂക്കൾ വിൽപ്പനയ്‌ക്കെത്തിച്ചിരുന്നു.

ഞങ്ങളും കൃഷിയുടെ ഭാഗമായി കരുമാലൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിയാണ് വിളവെടുത്തത്. കൃഷി വകുപ്പും  ഹോർട്ടി കോർപ്പും ടൂറിസം വകുപ്പും പൂക്കളുടെ വിപണനം ഉറപ്പാക്കുന്ന രീതിയിലായിരുന്നു കൃഷി. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിച്ചു. 20,000 രൂപ മുടക്കിയ കൃഷിയിൽ നിന്നും അഞ്ച് ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷിയിൽ നിന്ന് വിജയകരമായ വിളവ് ലഭിച്ചതോടെ ആവേശത്തിലാണ് കർഷകർ.

ഹൈ വെജിന്റെ സുപ്രീം യെല്ലോ , അശോക സീഡിന്റെ അശോക ഓറഞ്ച് എഫ് - ഒന്ന് ഇനത്തിൽപ്പെട്ട ചെണ്ടുമല്ലി തൈകളാണ് നട്ടത്. ഓണ വിപണി ലക്ഷ്യമാക്കി ജൂൺ അവസാന വാരമാണ് തൈകൾ നട്ടത്. ഗുരുവായൂർ കെ.ടി. ജി യിൽ നിന്നാണ് തൈകൾ ലഭ്യമാക്കിയത്. കൃഷി വിജ്ഞാൻ കേന്ദ്രയുടെ മേൽനോട്ടവും ആത്മയുടെ പരിശീലനവും കൃഷിയിൽ ഉടനീളം ഉപകരിച്ചു. ഒരു ചെടിയിൽ നിന്ന് 30 മുതൽ 40 ഗ്രാം വരെ തൂക്കത്തിൽ പൂക്കൾ ലഭിക്കും. ഒരടി അകലത്തിലാണ് വാരം തയ്യാറാക്കി യിരിക്കുന്നത്. ചെടികൾക്കിടയിലും അകലം പാലിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലായി ആകെ രണ്ടേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലം ഒരുക്കിയത്. 53 തൊഴിലാളികളാണ് കൃഷിക്കായി പ്രയത്‌നിച്ചത്. വർഷങ്ങളായി തരിശു കിടന്ന സ്വകാര്യ ഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷി.


കാസറഗോഡ് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സി.ഡി.എസുകൾക്ക് കീഴിൽ 15 ഇടങ്ങളിലും പുല്ലൂർ -പെരിയ കൃഷിഭവനോട് ചേർന്ന് പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് കാർഷിക സേവനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരിയ ചാലിങ്കാൽ നമ്പ്യാറടുക്കത്തുമായി 12.5 ഏക്കർ പ്രദേശത്ത് കൃഷിയുണ്ട്.

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 12 ഏക്കർ സ്ഥലത്ത് (കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, അജാനൂർ, മടിക്കൈ, നീലേശ്വരം, മംഗൽപ്പാടി, കരിന്തളം രണ്ട്, പിലിക്കോട്, ചെറുവത്തൂർ, കോടോം-ബേളൂർ, മുളിയാർ സിഡിഎസുകൾക്ക് കീഴിൽ) വിവിധ ഇടങ്ങളിലായി ചെണ്ടുമല്ലി കൃഷി നടത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഇത്തവണ കൃഷി ചെയ്തത്. 48,000 കിലോഗ്രാം പൂക്കളാണ് വിളവെടുപ്പിനൊരുങ്ങിയത്. പൂകൃഷിയിലൂടെ 28,80,000 രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. 

പുല്ലൂർ -പെരിയ കൃഷിഭവനോട് ചേർന്ന് പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് കാർഷിക സേവനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരിയ ചാലിങ്കാൽ നമ്പ്യാറടുക്കത്തെ 50സെന്റിൽ മേരിഗോൾഡ് ഇനത്തിലെ ഹ്രൈബ്രിഡ് പൂക്കൾ ഒരുക്കി. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ ആഴ്ചതോറുമുള്ള ഓരോ വിളവെടുപ്പിലും 100 കിലോ പൂക്കൾ വരെ ലഭിക്കും. 50000 രൂപയുടെ വിറ്റു വരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി മുസിപ്പാലിറ്റിയിലെ 23ാം ഡിവിഷനിൽ ഉദയം കെ.ഡി.എസിലെ രണ്ട് അംഗങ്ങളും ഈവ് കെ.ഡി.എസിലെ രണ്ട് അംഗങ്ങളും 27ാം ഡിവിഷനിലെ ഐക്യം കെ.ഡി.എസിലെ ഒരു വ്യക്തിയും ചേർന്ന് ഋതു ജേയിന്റ് ലയബിലിറ്റി ഗ്രൂപ്പിന് കീഴിൽ 1.30 ഏക്കർ സ്ഥലത്തു പൂ കൃഷി നടത്തി. മഞ്ഞ, ഓറഞ്ച്, വെള്ള നിരത്തിലുള്ള ചെണ്ടു മല്ലിയുടെ 3000 തൈകൾ ആണ് കൃഷി ഇറക്കിയത്. ഒരു ചെടിയിൽ നിന്നും 1.5 കിലോഗ്രാം പൂ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ സ്ഥലത്ത് താമര, ആമ്പൽ, തുമ്പ എന്നിവയും കൃഷി ചെയ്യുന്നു. മൂന്ന് മാസം കൊണ്ടു 6000 കിലോ വിളവെടുക്കാൻ കഴിയും. കഴിഞ്ഞ 20 ദിവസത്തിനിടെ 25000 രൂപയുടെ വിളവെടുപ്പ് നടന്നു. 

ഓണക്കാലം ലക്ഷ്യമിട്ട് കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ പൂക്കൃഷിയിൽ ചെട്ടിയും വാടാർമല്ലിയും വിളവെടുപ്പിനൊരുങ്ങി. സംസ്ഥാന സർക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഒരേക്കറിൽ പൂക്കൃഷിയൊരുക്കിയത്. 15 തൊഴിലുറപ്പ് തൊഴിലാളികൾ ആയിരം രൂപ വീതമെടുത്താണ് മെയ് മാസത്തിൽ കൃഷി തുടങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ ദിനങ്ങളായി പരിഗണിച്ചാണ് കൃഷിയുടെ പരിപാലനം നടപ്പാക്കിയത്. ബംഗളൂരുവിൽ നിന്നെത്തിച്ച വിത്ത് മുളപ്പിച്ച് നാലായിരത്തോളം  ചെടികളാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷിയെ സമ്പുഷ്ടമാക്കിയത്. പൂക്കൾ പൊതുവിപണിയിലേക്കാൾ വില കുറച്ചാണ് വിൽപ്പന നടത്തുക. ഇതിനോടകം നിരവധി പേർ മുൻകൂട്ടി ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷുക്കാലത്ത് തരിശുഭൂമി വൃത്തിയാക്കി ഒരുക്കിയ പച്ചക്കറി കൃഷിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പൂക്കൃഷി ആരംഭിച്ചത്. 

കോഴിക്കോട് ബാലുശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സ്ത്രീ കൂട്ടായ്മ ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ പൂകൃഷി ഒരുക്കി. 25 സെന്റിലാണ് മേരിഗോൾഡ് ഇനത്തിൽപ്പെട്ട ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെട്ടിപ്പൂവ് കൃഷി ചെയ്തത്.  കക്കോടി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുഷ്പകൃഷി വികസനം പദ്ധതിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തിയിരുന്നു. 80 തൈകളാണ് വച്ചത്. കുറ്റിമുല്ല, ചെണ്ടുമല്ലി തൈകൾ കൃഷിഭവൻ മുഖേന നൽകി. കടലുണ്ടി പഞ്ചായത്തുൾപ്പെടെ കോഴിക്കോട് മറ്റ് സ്ഥലങ്ങളിലും പൂകൃഷി നടന്നിട്ടുണ്ട്.

ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കൾ കൃഷി ചെയ്ത് കുടുംബശ്രീ. കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം പൂക്കൃഷി ചെയ്തിട്ടുണ്ട്. ചെണ്ടുമല്ലിയാണ് കൂടുതലായി കൃഷി ചെയ്തത്. അത്തം മുതലുള്ള പത്തുദിവസത്തെ  ഓണവിപണി ലക്ഷ്യംവെച്ച് രണ്ടു മാസം മുൻപ് കൃഷി ആരംഭിച്ചിരുന്നു. ജില്ലയിലെ ചാലിശ്ശേരി, എരിമയൂർ, മരുതറോഡ്, കപ്പൂർ, പല്ലശ്ശന, നല്ലേപ്പിള്ളി പഞ്ചായത്തുകളിൽ കുടുംബശ്രീ പ്രവർത്തകർ പൂ കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക വിപണിയാണ് ലക്ഷ്യം വെക്കുന്നത്.
ഓണ ചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത് പൂകൃഷി നടത്തിയത്. വാണിയംകുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വനിതാ കർഷകരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായുള്ള 50 സെന്റ് സ്ഥലത്താണ് പൂകൃഷി നടത്തിയത്. ഓണവിപണി ലക്ഷ്യമിട്ട് രണ്ടു മാസം മുൻപേ 6300 ചെണ്ടുമല്ലി തൈകൾ പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.
18 കുടുംബശ്രീ വനിത ഗ്രൂപ്പുകൾ വ്യത്യസ്ത പ്രദേശങ്ങളിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. അവർക്കായി പൂകൃഷിയിൽ പരിശീലനവും പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. വാണിയംകുളത്തെ എക്കോ ഷോപ്പിലാണ് പൂക്കളുടെ വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 70 രൂപയാണ് വിപണി വില. 

മലപ്പുറം ജില്ലയിൽ   ഉത്പാദിപ്പിച്ചത് 27.5 മെട്രിക് ടണ്‍ പൂക്കള്‍ :നെല്‍കൃഷിയ്ക്ക് പിന്നാലെ പൂക്കൃഷയിലും പുതിയ ഗാഥകള്‍ രചിക്കുകയാണ് മലപ്പുറം. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടുമല്ലി, വാടാര്‍മല്ലി തുടങ്ങിയ പൂക്കളാണ് ജില്ലയിലെ വിവിധയിടങ്ങളിലായി കൃഷിചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് തുടങ്ങിയ പദ്ധതിയുടെ ഭാഗമായും ജില്ലയില്‍ പൂക്കൃഷി ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുള്‍പ്പെടെയുള്ള സംഘടനകളുടെയും നേതൃത്വത്തിലായി ജില്ലയില്‍ ഇതുവരെയായി ഉത്പാദിപ്പിച്ചത് 27.5 മെട്രിക് ടണിലധികം പൂക്കളാണ്. വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂര്‍ എന്നീ ബ്ലോക്കുകളിലെ കുറ്റിപ്പുറം, എടയൂര്‍, ആതവനാട്, ഇരിമ്പിളിയം, മാറഞ്ചേരി, ആലങ്കോട്, കാലടി, വട്ടംകുളം, എടപ്പാള്‍, തവനൂര്‍, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍ പൂക്കൃഷി ചെയ്തത്.  ഇവിടങ്ങളിലെ 3.4 ഹെക്ടര്‍ പ്രദേശത്തായാണ് പൂക്കൃഷി ചെയ്തത്. ഈ സീസണില്‍ ഇതുവരെ 1.65 കോടി രൂപയുടെ പൂക്കളുകള്‍ ഹോര്‍ട്ടികോര്‍പ്പും വിവിധ കൃഷിഭവനുകളും വഴി വിറ്റഴിച്ചു.


കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരുകൊട്ട പൂവ് പദ്ധതി  കഴിഞ്ഞ അഞ്ച്  വർഷമായി തുടരുകയാണ്. ഇത്തവണ 1.37 ലക്ഷം ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്. ഒരു ചെടിയിൽ നിന്ന് ശരാശരി ഒന്നര കിലോ പൂക്കൾ ലഭിക്കും. ആകെ 200 ടൺ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത് ലക്ഷം രൂപ ചെലവിൽ ജില്ലയിലെ  വിവിധ പഞ്ചായത്തുകളിലായി  50 ഹെക്ടർ സ്ഥലത്താണ് പൂകൃഷി ചെയ്തത്. 

തിരുവനന്തപുരത്ത് ഐരാണിമുട്ടത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു കുമ്പിൾ പൂവ് എന്ന പേരിലാണ് പുഷ്പകൃഷി നടത്തിയത്.  കാട്ടാക്കട മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പൂകൃഷി നടത്തിയിരുന്നു. മണ്ഡലത്തിലെ പത്തര ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കി. കൃഷി ഓഫീസർമാരുടെ മാർഗനിർദേശങ്ങൾ പാലിച്ച് കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായസംഘങ്ങളും പൂകൃഷിയുടെ ഭാഗമായി. മണ്ഡലത്തിലെ പൂക്കച്ചവടക്കാരുമായി സഹകരിച്ചാണ് വിപണനം. കാട്ടാക്കടയിലെ പള്ളിച്ചൽ പഞ്ചായത്തിൽ നാല് ഏക്കറിലധികം സ്ഥലത്താണ് ജമന്തി കൃഷി നടത്തിയത്. ബാലരാമപുരം പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതി പ്രകാരം വർണപുഷ്പകൃഷി നടത്തി. 

പാറശാല ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂവിളി 2021-22 എന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ  ആരംഭിച്ചത്. പലനിറത്തിലുള്ള അരളി, ജമന്തി, കുറ്റിമുല്ല, പിച്ചി എന്നീ നാല് ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. 5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഒരു ഏക്കറോളം വരുന്ന പൊൻവിള ലൂതറൽ എൽ പി സ്‌കൂളിലെ തരിശുനിലം കൃഷിയോഗ്യമാക്കിയത്. ജമന്തിയുടെ ആദ്യഘട്ട വിളവെടുപ്പ് മെയ് മാസത്തിൽ പൂർത്തിയാക്കിയിരുന്നു. അത് വൻ വിജയമായതോടെയാണ് പുഷ്പ കൃഷി വ്യാപിപ്പിച്ചത്. 

വിവിധ ജില്ലകളിൽ ഇതിനുപുറമേ ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീ സംഘങ്ങളും വ്യക്തികളും സജീവമായി പൂക്കൃഷിയുമായി ഇത്തവണ രംഗത്തുണ്ടായിരുന്നു. ഓണ വിപണി ലക്ഷ്യമിട്ടാണ് പുഷ്പ കൃഷി ആരംഭിച്ചതെങ്കിലും തുടർന്ന് വ്യാവസായിക അടിസ്ഥാനത്തിൽ പുഷ്പകൃഷി വ്യാപിപ്പിച്ച് ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും സ്വയംസഹായസംഘങ്ങളുടെയും ലക്ഷ്യം. സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും സാമാജികരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കൂട്ടായ്മയുടെ വിജയം കൂടിയാണ് എല്ലാ ജില്ലകളിലും വിജയമായ പൂകൃഷിക്ക് പറയാനുള്ളത്. ഓണക്കാലത്ത് സംസ്ഥാനമാകെ പുഷ്പകൃഷിയിലൂടെ പൂത്തുലഞ്ഞത് സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു കാൽവെപ്പാണ്. വരുംവർഷങ്ങൾ പൂവിപണി നമ്മുടെ പൂക്കൾ കൊണ്ട് മാത്രം നിറയ്ക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് ഇക്കൊല്ലത്തെ പുഷ്പകൃഷി.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-05 17:56:49

ലേഖനം നമ്പർ: 742

sitelisthead