കേരളത്തിന്റെ ആരോഗ്യരംഗം ആരോഗ്യ സൂചികങ്ങളിലും പൊതുജനാരോഗ്യ  നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും, സ്ത്രീ പുരുഷ അനുപാതത്തിലും ആയുർദൈർഘ്യത്തിലും കേരളം ഏറെ മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യകേന്ദ്രങ്ങൾ ശക്തമാക്കി  പൊതുജനാരോഗ്യ ശൃംഖലയെ ആധുനികവത്ക്കരിച്ച് രോഗീ സൗഹൃദമാക്കുക എന്ന ദൗത്യത്തിൽ അധിഷ്ഠിതമായ സർക്കാർ പ്രവർത്തങ്ങൾ   ആരോഗ്യരംഗത്ത് വമ്പിച്ച പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള ആരോഗ്യപരിപാലന രംഗത്ത് നിരവധി അടിസ്ഥാനസൗകര്യ വികസന  പ്രവർത്തനങ്ങളാണ് അടുത്ത കാലത്ത് നടത്തിയത്. 

ശിശു പരിപാലനം ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരം  മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം, സർക്കാർ മേഖലയിൽ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രം തുടങ്ങിയവ  സമീപകാലത്തുണ്ടായ അടിസ്ഥാന സൗകര്യ നേട്ടങ്ങളാണ്.

എസ്.എ.ടി.യിൽ പുതിയ തീവ്രപരിചരണ വിഭാഗം

തിരുവനന്തപുരം  മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം പ്രവർത്തന സജ്ജമായി. 24 ICU കിടക്കകളും 8 ഹൈ ഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും ഉൾപ്പെടെ ആകെ 32 ICU കിടക്കകകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്നത്. 10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ, 12 മൾട്ടിപാര മോണിറ്ററുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപയാണ് ഈ ICU സംവിധാനം പ്രവർത്തികമാക്കിയതിനുള്ള ചെലവ്.  നിലവിൽ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് ICU-വാണുള്ളത്. ഇതുകൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ICU സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ICU കിടക്കകളാണ് എസ്.എ.ടി. ആശുപത്രിയ്ക്ക് സ്വന്തമാകുന്നത്. കൂടാതെ നവജാതശിശു വിഭാഗത്തിൽ 54 ICU കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷർ സംവിധാനമുള്ള  ഈ ICU-വിൽ ഇന്റൻസീവ് റെസ്പിറേറ്ററി കെയറിനായിരിക്കും മുൻഗണന നൽകുന്നത്. 

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ എസ്.എ.ടി. യിൽ പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്നു. പ്രതിവർഷം പതിനായിരത്തിൽപരം കുഞ്ഞുങ്ങളാണ് ഇവിടെ ജനിക്കുന്നത്. കോവിഡ് പോലെയുള്ള വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ നെഗറ്റീവ് പ്രഷർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീ പരിചരണത്തിൽ ഏറെ സഹായകരമാണ്.

സർക്കാർ മേഖലയിൽ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇൻസ്റ്റൈനൽ എൻഡോസ്‌കോപ്പി സംവിധാനം 

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി സംവിധാനം സഞ്ജമാവുന്നു. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ സംരംഭമാണിത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികൾക്ക് അത്യാധുനിക ചികിത്സ സംവിധാനം ലഭ്യമാകും. 93.36 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി മെഷീനും അനുബന്ധ സംവിധാനങ്ങൾക്കുമായി ലഭ്യമായത്. 

കുട്ടികൾക്കുണ്ടാകുന്ന ഉദരം, കുടൽ, കരൾ, പാൻക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങൾക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നൽകുന്നത്. ഇതോടൊപ്പം തന്നെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നൽകി വരുന്നു. പ്രതിവർഷം നാലായിരത്തോളം പേരാണ് എസ്.എ.ടി. ആശുപത്രിയിലെ ഈ വിഭാഗത്തിൽ ചികിത്സ തേടുന്നത്. ഗുരുതര കരൾ രോഗം ബാധിച്ച കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചികിത്സയും ഇവിടെ നിന്നും ലഭ്യമാക്കുന്നു.

പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികൾക്ക് പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. കുടൽ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനും കരൾ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും കഴിയും. അറിയാതെ എന്തെങ്കിലും വസ്തുക്കൾ വിഴുങ്ങി വരുന്ന കുട്ടികളിൽ, വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയാണ് ചികിത്സ നൽകുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഒ.പി. പ്രവർത്തിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബും നവജാത ശിശു പരിപാലന കേന്ദ്രവും 

അഡ്വാൻസ്ഡ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ്, നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം പദ്ധതികൾ ആശുപത്രിയിൽ നടപ്പിലാക്കി. ജനിതക വൈകല്യത്താലുളള കാൻസർ, ശിശു രോഗങ്ങൾ എന്നിവയുടെ നിർണ്ണയത്തിന് ആവശ്യമായ നൂതനമായ മോളിക്കുലാർ ടെസ്റ്റുകൾ, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനിവാര്യമായ എച്ച്.എൽ.എ ടൈപ്പിംഗ് എന്നിവക്കായി ആറ് കോടി രൂപ ചെലവഴിച്ചാണ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ് സ്ഥാപിച്ചത്. മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഉപകരണങ്ങൾ ലഭ്യമാക്കിയാണ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ് സജ്ജീകരിച്ചത്. ആശുപത്രിയിൽ നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചു  ഇതിലൂടെ ഭാവിയിൽ സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗിനും ഉപരിപഠനത്തിനും സാധിക്കും. 

ഗർഭിണികൾക്ക് മികച്ച സേവനം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടുകൂടി ലോകാരോഗ്യ സംഘടന, ഇന്ത്യ സർക്കാരിന്റെ ആരോഗ്യമന്ത്രാലയം, നാഷണൽ ഹെൽത്ത് മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ലക്ഷ്യ. പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ലേബർ റൂമിൽ നടപ്പിലാക്കി. ലേബർ റൂമിലെയും തിയേറ്ററിലെയും നിലവിലുണ്ടായിരുന്ന ഭൗതിക സൗകര്യങ്ങൾ ലക്ഷ്യയുടെ മാർനിർദേശ പ്രകാരം മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇതിലൂടെ ഗർഭിണികൾക്ക് സ്വകാര്യത ഉറപ്പുവരുത്താനും രോഗി പരിചരണത്തിൽ ഏർപ്പെടുന്നവർക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമാക്കി. ലേബർ റൂമിൽ അഡ്മിറ്റാകുന്ന സമയം മുതൽ പ്രസവശേഷം വാർഡിലേക്ക് മാറ്റുന്നതുവരെ ഗർഭിണിക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തുന്നതിനും മാനസികവും ശാരീരികവുമായ പരിചരണം നല്കുന്നതിനുമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-27 13:48:51

ലേഖനം നമ്പർ: 738

sitelisthead