ഇ-ഗവേണൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ പൗര കേന്ദ്രീകൃത സേവങ്ങളെല്ലാം വളരെ എളുപ്പത്തിൽ ലഭ്യമാവുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ മേഖലകളിലും പ്രവർത്തികമാക്കിയ വകുപ്പുകളിൽ ഒന്നാണ് റവന്യു വകുപ്പ്. സുതാര്യത, കാര്യക്ഷമത, ഉപഭോക്തൃ സൗഹൃദം എന്നിവ മുൻനിർത്തിയുള്ള നൂതന ഇ-ഗവേണൻസ് രീതികൾ അവതരിപ്പിക്കുന്നതിലൂടെ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമായി.

റവന്യൂ ഇ-സേവന മൊബൈൽ ആപ്പ്: സംസ്ഥാനത്തെ 1666 വില്ലേജുകൾക്കും പ്രത്യേകം ഔദ്യോഗിക വെബ് സൈറ്റുകൾ, ഓരോ വില്ലേജിലെയും വിവരങ്ങൾ, ഭൂനികുതി ഉൾപ്പടെയുള്ള നികുതികൾ, മറ്റ് വില്ലേജ് തല സേവനങ്ങൾ എന്നിവയ്ക്കായി പ്രത്യക മൊബൈൽ ആപ്പ്ളിക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച്, ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, തണ്ടപ്പേർ രജിസ്റ്റർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ എന്നിങ്ങനെ പൗരന്മാർക്ക് ലഭിയ്‌ക്കേണ്ട സേവനങ്ങളെല്ലാം ഇപ്പോൾ ഓൺലൈനിലൂടെ ലഭ്യമാണ്.

സ്മാർട്ടായ വില്ലേജ് ഓഫീസുകൾ: സർക്കാരിന്റെ അടിസ്ഥാന യൂണിറ്റാണ് വില്ലേജ് ഓഫീസുകൾ. മിക്ക വില്ലേജ് ഓഫീസുകളും സ്മാർട്ട്  ഓഫീസുകളായി ഉയർത്തിയിട്ടുണ്ട്. ഈ ഓഫീസുകളിൽ നിന്നുള്ള മിക്ക സേവനങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നടത്തുന്നത്. അതുപോലെ ഡിജിറ്റൽ സേവനങ്ങൾ പൂർത്തിയാക്കിയ ഗ്രാമങ്ങളിലെ ഫീൽഡ് മെഷർമെന്റ് സ്കെച്ചുകളുടെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രസിദ്ധപ്പെടുത്തുകയും അപേക്ഷകർക്ക് ഓൺലൈനായും ഫീസ് അടയ്ക്കാവുന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ലൊക്കേഷൻ മാപ്പ് ഇപ്പോൾ പൊതുജനങ്ങൾക്കും ഓൺലൈനായി ലഭിക്കും. കൂടാതെ നെൽപ്പാടങ്ങൾ നികത്തുന്നതിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യങ്ങളും നിലവിലുണ്ട് .ഈ സംവിധാനങ്ങൾ സുതാര്യത ഉറപ്പാക്കുകയും വ്യാജ പ്രവർത്തനങ്ങൾ  തടയുകയും ചെയ്യുന്നു. കൂടാതെ രേഖകളുടെ ഓൺലൈൻ വെരിഫിക്കേഷനും ഇത് സഹായിക്കുന്നു. അടിസ്ഥാന നികുതി രജിസ്റ്ററിന്റെയും റവന്യൂ റെക്കോർഡിന്റെയും ഡിജിറ്റൈസേഷൻ സംസ്ഥാനത്ത് 1666 വില്ലേജുകളിൽ  പൂർത്തിയായി. എല്ലാ വില്ലേജ് ഓഫീസുകൾക്കും  വെബ്‌സൈറ്റുകൾ ഉണ്ട്, അതിൽ ഭൂവിവരങ്ങൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ, വിവര മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, സാക്ഷ്യപ്പെടുത്തിയ ഭൂരേഖകൾ വെബ്സൈറ്റിലൂടെ ആക്സസ് ചെയ്യാവുന്നതാണ്. നികുതികളും ഫീസും അടയ്‌ക്കുന്നതിനുള്ള റവന്യൂ ഇ-സേവന പോർട്ടൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.

4 വർഷം കൊണ്ട് ഡിജിറ്റലായി ഭൂമി അളക്കുക എന്നതാണ് സർവേ വകുപ്പിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതി. 1966-ലാണ് സർവേയിംഗ് പ്രക്രിയ ആരംഭിച്ചത്. ഇപ്പോൾ വരെ 911 വില്ലേജുകളിൽ സർവേ പൂർത്തിയായി. ആധുനിക CORS സാങ്കേതികവിദ്യ ഉപയോഗിച്ച് നാലു വർഷത്തിനുള്ളിൽ 1550 വില്ലേജുകളിൽ ഭൂമി അളക്കുന്ന ജോലികൾ പൂർത്തിയാക്കാനാണ് ഡിജിറ്റൽ സർവേ പദ്ധതി വിഭാവനം ചെയ്യുന്നത്. RTK, റോവർ, ഇടിഎസ് ഡ്രോണുകൾ, ലിഡാർ തരം ഉപകരണങ്ങളും സർവേ ജോലികളിൽ ഉപയോഗിക്കും.സർവേ വകുപ്പിന്റെ ഇ-മാപ്പ് സംയോജിപ്പിച്ച്  ഒരു  ഏകീകൃത പോർട്ടലാണ് റവന്യൂ വകുപ്പ് വിഭാവനം ചെയ്യുന്നത്.

ഒരു പൗരന് ഒരു തണ്ടപ്പേര്‍  പദ്ധതി: ഒരു പൗരന് ഒരു തണ്ടപ്പേര്‍ എന്ന പദ്ധതി റവന്യൂ വകുപ്പ് ആവിഷ്കരിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ ലഭ്യമാകും. ആധാറുമായി തണ്ടപ്പേര്‍ ബന്ധിപ്പിക്കുന്നതു വഴി വ്യക്തികൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവും. ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഭൂവുടമയുടെ സമ്മതത്തോടെതന്നെ ആധാറുമായി ബന്ധിപ്പിക്കും. ഭൂമി സംബന്ധമായ സേവനങ്ങള്‍ സുഗമവും സുതാര്യവുമായി ലഭ്യമാക്കാനാണ് ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഒരു പൗരന് ഒരു തണ്ടപ്പേര്‍ വരുന്നതോടെ കൃത്രിമം, ഇരട്ടിപ്പ് തുടങ്ങിയവ ഉണ്ടാവുന്നില്ലന്നുറപ്പുവരുത്താൻ കഴിയും. ഭൂവുടമയ്ക്ക് സംസ്ഥാനത്തെ ഏതു വില്ലേജില്‍ നിന്നും ഭൂമിയുടെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ തണ്ടപ്പേര്‍ നമ്പരില്‍ ലഭ്യമാകും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിധിയില്‍ കവിഞ്ഞ ഭൂമി ഒരു വ്യക്തിയുടെ കൈവശമുണ്ടെങ്കില്‍ അതു തിരിച്ചറിയാനും മിച്ചഭൂമി കണ്ടെത്തി ഏറ്റെടുക്കാനും അത് ഭൂരഹിതര്‍ക്കു നിയമാനുസൃതം പതിച്ചുനല്‍കാനും സഹായകരമാകും. ഭൂരേഖകള്‍ കൃത്യവും സുരക്ഷിതവും ആണെന്നുറപ്പുവരുത്താനും സഹായിക്കും.

യുണീക് തണ്ടപ്പേര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക സബ്സിഡികള്‍ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭൂരിഭാഗം തടസ്സങ്ങളും നീക്കുന്നതിനും കൂടുതല്‍ സുതാര്യത കൈവരിക്കുന്നതിനും യുണീക് തണ്ടപ്പേര്‍ സംവിധാനം ഉപകരിക്കും. കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളും നികുതി രസീതുകളും ഡിജിലോക്കറില്‍ സൂക്ഷിക്കാനും യുണീക് തണ്ടപ്പേര്‍ സംവിധാനം ഉപകരിക്കും. റവന്യൂ വരുമാനം, ഭൂമി സംരക്ഷണം, ഭൂവിനിയോഗം, ഭൂമി വിതരണം, ദുരന്ത നിവാരണം, തെരഞ്ഞെടുപ്പ്, കാനേഷുമാരി, പൗരാവകാശ സംരക്ഷണം, സ൪ട്ടിഫിക്കറ്റ് സേവനങ്ങൾ, സാമൂഹ്യനീതി, ക്ഷേമ പ്രവ൪ത്തനങ്ങൾ, ഭൂരേഖാ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങൾ  കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും  സേവന മേഖല കൂടുതൽ ശക്തവും, സുതാര്യവും ആക്കുന്നതിന് റവന്യൂ വകുപ്പ് വിവിധ മാർഗ്ഗങ്ങളാണ് ആവിഷ്കരിച്ച് വരുന്നത്.സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ഉതകുന്ന രീതിയിൽ  ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാഹത്തോടെ വൻ കുതിച്ചു ചാട്ടമാണ് റവന്യു വകുപ്പ് നടപ്പാക്കുന്നത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-08-08 19:33:04

ലേഖനം നമ്പർ: 702

sitelisthead