ഇന്ത്യയിൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ കേരളത്തിന് നേട്ടം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ 2019ലെ 28ാം സ്ഥാനത്തുനിന്ന് 2020ൽ 75.49 ശതമാനം സ്കോറോടെ 15ാം സ്ഥാനത്ത് കേരളമെത്തി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉൾപ്പെടുത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്. അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സർവേയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമർജിംഗ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായാണ് സൂചികയിൽ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. അസ്പയറർ വിഭാഗത്തിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായകമായി. സംരംഭങ്ങൾ എളുപ്പത്തിൽ തുടങ്ങുന്നതിനും തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ച് ബിസിനസ്സ്‌ റിഫോം ആക്ഷൻ പ്ലാൻ (ബി.ആർ.എ.പി.) എന്ന പേരിൽ ഓരോ വർഷവും ഡി.പി.ഐ.ഐ.ടി സംസ്ഥാനങ്ങൾക്ക് നൽകും. 2016ൽ കേരളം ഇതിൽ 22.8 ശതമാനം മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്. 2019ൽ 85 ശതമാനം കാര്യങ്ങളും നടപ്പാക്കിയെങ്കിലും റാങ്കിങ്ങിൽ 28 ആയിരുന്നു സ്ഥാനം. 301 പരിഷ്‌കാരനടപടികൾ പൂർത്തിയാക്കാനാണ് 2020ൽ ഡി.പി.ഐ.ഐ.ടി. നിർദേശിച്ചിരുന്നത്. ഇതിൽ 94 ശതമാനവും നടപ്പാക്കി. സംരംഭകരെ വ്യവസായ വകുപ്പിന്റെ ടോൾ ഫ്രീ കോൾ സെന്റർ മുഖേനെ ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും നടപടിയെടുത്തു.

സംസ്ഥാനത്ത് പുതിയ വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങാൻ മികച്ച സൗകര്യമൊരുക്കുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നത്. നവ സംരംഭകർക്കായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യും ധാരാളം സഹായങ്ങൾ ചെയ്തു വരുന്നുണ്ട്. പദ്ധതിയിലൂടെ 2 കോടി രൂപ വരെ വായ്പ പരിധി പുതിയ സംരഭങ്ങൾക്ക് സംരംഭകർക്ക് ലഭ്യമാകും. സൂക്ഷ്മ ചെറുകിട ഇടത്തര മേഖല സംരംഭങ്ങൾക്ക് 5% പലിശ നിരക്കിൽ 2 കോടി രൂപ വരെയാണ് വായ്പ ലഭ്യമാകുന്നത്. സർക്കാരിൻറെ 3%-വും കെ.ഫ്.സി.യുടെ 2%-വും സബ്സിഡി വഴിയാണ് 5% പലിശ നിരക്കിൽ വായ്പ നൽകുന്നത്. 2 കോടിയിൽ കൂടുതൽ ഉള്ള വായ്പകളിൽ, 2 കോടി രൂപ വരെ 5% പലിശ നിരക്കിലും ബാക്കി വായ്പ തുക സാധാരണ പലിശ നിരക്കിലുമാണ് വായ്പ ലഭ്യമാകുന്നത്. പദ്ധതി തുകയുടെ 90% വരെയും വായ്പ ലഭിയ്ക്കും.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 2022 - 23 സാമ്പത്തിക വർഷം സംരംഭക വർഷമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം സംരംഭങ്ങൾ ഈ വർഷം ആരംഭിയ്ക്കുന്നതിന്റെ ഭാഗമായി സംരംഭകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും സംരഭകത്വത്തിലേയ്ക്ക് അവരെ നയിയ്ക്കുന്നതിനുമായി  കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും തിങ്കൾ ബുധൻ ദിവസങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഹെൽപ് ഡസ്‌ക്ക് പ്രവർത്തനമാരംഭിച്ചട്ടുണ്ട് . സംരംഭകർക്ക് ഏതു വിധത്തിലുമുള്ള സംശയ നിവാരണങ്ങൾക്കും സഹായത്തിനും തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന ഹെൽപ് ഡസ്‌ക്കുമായി ബന്ധപ്പെട്ടാൽ മതിയാകും.


സ്റ്റാർട്ടപ്പ് മേഖലയിൽ ടോപ് പെർഫോമേഴ്സ് വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും കേരളം

സ്റ്റാർട്ടപ്പ് മേഖലയിലെ പ്രകടനവുമായി ബന്ധപ്പെട്ട ഇന്ത്യ ഗവൺമെന്റ് പട്ടികയിൽ ടോപ് പെർഫോമേഴ്സ് വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും കേരളം. മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളം ടോപ് പെർഫോമേഴ്സ് പട്ടികയിൽ ഇടംപിടിച്ചത്. 

പ്രാദേശിക ഭാഷയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക, പ്രോഡക്ട് ഡിസൈൻ–ഡവലപ്മെന്റ് എന്നിവയ്ക്കായുള്ള സ്റ്റാർട്ടപ് മിഷൻ ‍ഡിജിറ്റൽ ഹബ്, വിവിധ സർക്കാർ വകുപ്പുകൾക്ക് സാങ്കേതികസഹായം ലഭ്യമാക്കാനുള്ള ഗവൺമെന്റ് ആസ് എ മാർക്കറ്റ്പ്ലേസ് പദ്ധതി എന്നിവ പരിഗണിച്ചാണ് കേരളത്തിന് അംഗീകാരം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-07-05 18:39:25

ലേഖനം നമ്പർ: 635

sitelisthead