കേരളത്തിന്റെ മികച്ച  ഇ-ഗവേണൻസ് സർവീസ് ഡെലിവറി സംവിധാനത്തിന് ദേശീയ അംഗീകാരം. വിവരങ്ങളും സേവന ലിങ്കുകളും ലഭ്യമാക്കുന്ന മികച്ച ഏകജാലക സംവിധാനത്തിനുള്ള ഒന്നാം റാങ്ക്, കേരള സർക്കാർ ഔദ്യോഗിക പോർട്ടലിന് www.kerala.gov.in ലഭിച്ചു. ഡിജിറ്റൽ സേവനങ്ങളുടെ വിഭാഗത്തിൽ കേരള സർക്കാർ ഔദ്യോഗിക സർവീസ് പോർട്ടലായ  ഇ സേവനം സർവീസ് പോർട്ടൽ (www.services.kerala.gov.in) ആറാം റാങ്കും കരസ്ഥമാക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് (ഡിഎആർപിജി) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ദേശീയ ഇ-സേവന ഡെലിവറി അസെസ്‌മെന്റിൽ ​ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം ഒന്നാമത്. സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവ പൗരന്മാർക്ക് എങ്ങനെ  ഫലപ്രദമായി ഓൺലൈൻ സേവനങ്ങൾ നൽകുന്നു എന്നത് വിശകലനം നടത്തിയാണ്  റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 

ഇ-ഗവൺമെന്റ് ഉദ്യമങ്ങൾ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ ഗവൺമെന്റ് മികവ് വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഡിപ്പാർട്ട്മെന്റ്  ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് (DARPG) , 2019-ൽ ദേശീയ ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ് (NeSDA) രൂപികരിച്ചു. പൗര കേന്ദ്രീകൃത സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മികച്ച സേവന സംവിധാനങ്ങൾ പങ്കിടാനും ബന്ധപ്പെട്ട സർക്കാരുകളെ NeSDA സഹായിക്കുന്നു. വിവിധ സർക്കാരുകളുടെ സേവന സംവിധാനങ്ങൾ രണ്ടു വിഭാഗങ്ങളായി തരം  തിരിച്ചാണ് വിലയിരുത്തിയത്. വിവരങ്ങളിലേക്കും സേവന ലിങ്കുകളിലേക്കും ഏകജാലക പ്രവേശനം നൽകുന്ന അതാത് ഗവൺമെന്റിന്റെ നിയുക്ത പോർട്ടലായ സംസ്ഥാന / യുടി / കേന്ദ്ര മന്ത്രാലയ പോർട്ടലാണ് ആദ്യ വിഭാഗം. പ്രവേശനക്ഷമത, ഉള്ളടക്ക ലഭ്യത, ഉപയോഗ എളുപ്പം, വിവര സുരക്ഷയും സ്വകാര്യതയും എന്നിങ്ങനെ 4 പരാമീറ്ററുകളിൽ ഈ പോർട്ടലുകൾ വിലയിരുത്തപ്പെട്ടു. ഈ  വിഭാഗത്തിലാണ് കേരളത്തിന്റെ ഔദ്യോഗിക പോർട്ടൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയിലെ സ്റ്റേറ്റ് പോർട്ടലുകളുടെ ഗുണനിലവാരം 

പേര്  ആക്സസിബിലിറ്റി  ഉള്ളടക്ക ലഭ്യത   ഉപഭോക്തൃ സൗഹൃദം  ഇൻഫോ സെക്യൂരിറ്റി ആൻഡ് പ്രൈവസി  ആകെ സ്കോർ 
കേരളം  1 1 1 1 1
തമിഴ്  നാട്  0.82 1 1 1 0.96
പഞ്ചാബ്  1 0.86 1 0.89 0.94
കർണാടകം  0.73 0.86 1 1 0.9
തെലിങ്കാന     0.64 0.86 1 0.78 0.82

രണ്ടാമത്തെ വിഭാഗത്തിൽ, സേവനങ്ങളുടെ ഡിജിറ്റൽ ഡെലിവറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്യുന്ന സംസ്ഥാന / കേന്ദ്രഭരണ  / കേന്ദ്ര മന്ത്രാലയ സേവന പോർട്ടലുകൾ ഉൾപ്പെടുന്നു. സേവന പോർട്ടലുകളെ പ്രധാനമായും എൻഡ്-സർവീസ് ഡെലിവറി, ഇന്റഗ്രേറ്റഡ് സർവീസ് ഡെലിവറി, സ്റ്റാറ്റസ് & റിക്വസ്റ്റ്  ട്രാക്കിംഗ് എന്നീ   പരാമീറ്ററുകളിലാണ്  വിലയിരുത്തിയത്.  ഇതിൽ കേരളത്തിന്റെ സർവീസ് ഡെലിവറി പോർട്ടൽ ആറാം സ്ഥാനം കരസ്ഥമാക്കി.

പൗര കേന്ദ്രീകൃത സേവന വിതരണമാണ് കേരളത്തിന്റെ   ഇ-ഗവേണൻസ് സംവിധാനത്തിന്റെ   നട്ടെല്ല് . ഇ-ഗവേണൻസ് സർവീസ് ഡെലിവറിക്കുള്ള ദേശീയ അംഗീകാരം കേരളത്തിന്റെ മികച്ച സേവന വിതരണ സംവിധാനത്തെ പ്രതിഫലിപ്പിക്കുന്നു. കേന്ദ്രീകൃത സേവന വിതരണ പ്ലാറ്റ്‌ഫോമായ 'ഇ-സേവനം'  രൂപീകരണം  കേരളത്തിലെ ഡിജിറ്റൽ സേവന വിതരണത്തിലെ ഒരു വികസന നാഴികക്കല്ലായിരുന്നു.   വിവിധ സർക്കാർ വകുപ്പുകളിലൂടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് അടിസ്ഥാന സേവനങ്ങൾ കേരള സർക്കാർ ഒരു കേന്ദ്രീകൃത പ്ലാറ്റഫോമിലൂടെ ലഭ്യമാക്കുന്നു (www.services.kerala.gov.in ). സേവനാവകാശ നിയമത്തിന് (ആർടിഎസ്) കീഴിൽ വരുന്ന ബഹുഭൂരിപക്ഷം സേവനങ്ങളും വിവിധ വകുപ്പുകൾ ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു.

കോവിസ് മഹാമാരി കാലഘട്ടത്തിൽ , സർക്കാർ ഓഫീസുകളിൽ പോകാതെ വീട്ടിലിരുന്ന് ഒരു ഏകീകൃത പോർട്ടലിലൂടെ സർക്കാർ സേവനങ്ങളുടെയും ലഭ്യത കേരള സർക്കാർ ഉറപ്പാക്കിയിരുന്നു. ഓരോ വകുപ്പിന്റെയും വെബ്‌സൈറ്റിനെ ആശ്രയിച്ചാണ് ജനങ്ങൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ചിരുന്നത്. ഈ സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിച്ചാണ് എല്ലാ സർക്കാർ സേവനങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കി  കേരള സർക്കാർ "ഇ സേവനം" എന്ന പേരിൽ ഒരു കേന്ദ്രീകൃത കേരള സർവീസ് പോർട്ടൽ രൂപകല്പന ചെയ്തത്. നിലവിൽ, പ്രസ്തുത പോർട്ടലിൽ 72-ലധികം വകുപ്പുകളിൽ നിന്നുള്ള 816-ലധികം സേവനങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ സേവനങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്നതിന്  "mSevanam" എന്ന മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിട്ടുണ്ട്. ജനങ്ങൾക്കു സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ ,വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും, യുവജനങ്ങൾ & നൈപുണ്യവികസനം, സാമൂഹ്യസുരക്ഷ & പെൻഷനേഴ്‌സ് , പൊതു ഉപയോഗസേവനങ്ങൾ, മറ്റുസേവനങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരു സിംഗിൾ സൈൻ ഓൺ സംവിധാനത്തിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിൽ പോർട്ടൽ വികസിപ്പിച്ചു വരികയാണ്.

ആഗോള ഡിജിറ്റൽ ഗവൺമെന്റിന്റെ മികച്ച  സേവന വിതരണ സമ്പ്രദായങ്ങൾ മാതൃകയാക്കി ഡിജിറ്റൽ ഇന്ത്യയെന്ന ആശയം അന്വർഥമാക്കി സമൂഹത്തിലെ ഓരോ പൗരനും അവകാശപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി  മുന്നേറുകയാണിന്നു കേരളം.vകേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-06-16 17:21:37

ലേഖനം നമ്പർ: 594

sitelisthead