ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ കുടുംബശ്രീ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ കഴിഞ്ഞ 25 വർഷം കൊണ്ട് രാജ്യത്തിന് തന്നെ മാതൃകാപരമായ സംവിധാനമായി മാറിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനപ്പുറം സാമ്പത്തിക-സാമൂഹ്യ രംഗത്തെ ഉന്നമനത്തിലൂടെ സ്ത്രീ ശാക്തീകരണ രംഗത്ത് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചട്ടുള്ളത്. 

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ സ്ത്രീകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടന സംവിധാനത്തിലെ അടിസ്ഥാന ഘടകം. ലഘു സമ്പാദ്യ - വായ്പാ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ പ്രവർത്തിച്ചു വരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 45.85 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിൽ നിന്നും ഓരോ വനിത ഉൾപ്പെടുന്ന 3.06 ലക്ഷം അയൽക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 19,470 ഏര്യാ ഡവലപ്പ്മെന്റ് സൊസൈറ്റികളും 1070 കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന കുടുംബശ്രീ സംഘടന സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.

ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ഉറപ്പു വരുത്തുക, വിദ്യാഭ്യാസം, തൊഴിൽ, കുടിവെള്ളം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിവേചനരഹിതമായി എല്ലാവരിലേയ്ക്കും എത്തിയ്ക്കുക, നിർഭയമായി സ്ത്രീകൾക്ക് പൊതു ഇടങ്ങൾ കൈകാര്യം ചെയ്യാൻ സാധിയ്ക്കുക, ഗ്രാമസഭകളിലും മറ്റു ജനകീയ ഇടങ്ങളിലും സാന്നിധ്യമാവുക എന്നിങ്ങനെ നിർണ്ണായക കാര്യങ്ങളിൽ ശക്തമായ മാധ്യമമാകുവാൻ കുടുംബശ്രീയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിനായി നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് ഇക്കാലയളവിൽ കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ അതി ദരിദ്രരുടെ എണ്ണം കുറച്ചുകൊണ്ട് വന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് വലുതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി ഒട്ടനവധി പരിപാടികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

അഗതി കുടുംബങ്ങൾ അധിവസിക്കുന്ന സമൂഹത്തിന് സമഗ്ര വികസനത്തിന്റെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയില്ല എന്ന വ്യക്തമായ തിരിച്ചറിവിൽ നിന്ന് സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അഗതിരഹിത കേരളം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണകളും സഹായങ്ങളും ലഭ്യമാക്കി അഗതിത്വത്തിൽ നിന്നു കരകയറ്റുകയും ഒരു അഗതി കുടുംബം പോലും തങ്ങളുടെ തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ലെന്നു അഗതിരഹിത കേരളം പദ്ധതിയിലൂടെ കുടുംബശ്രീ പ്രവർത്തകർ ഉറപ്പു വരുത്തുന്നു.

കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ആരംഭിച്ച ബഡ്സ് സ്പെഷ്യൽ സ്കൂളുകളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്നങ്ങളിൽ കാര്യമായ പങ്കുവഹിച്ചു. ബുദ്ധിപരമായ വൈവിധ്യങ്ങളുള്ളവർക്ക് പ്രത്യേക വിദ്യാഭ്യാസവും പരിചരണവും വേണമെന്നും അവരുടെ കഴിവുകൾ സമൂഹത്തിനു പ്രയോജനപ്രദമാകുന്ന തരത്തിൽ വിനിയോഗിയ്ക്കുന്നതിനാവശ്യമായ ഇടം കണ്ടെത്തി നൽകേണ്ടതുണ്ടെന്നും സമൂഹത്തിനു പൊതുവായ ധാരണ നൽകുവാൻ കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകൾക്ക് ഇതിനോടകം സാധിച്ചട്ടുണ്ട്. 

കുടുംബശ്രീയുടെ ആരംഭഘട്ടം മുതൽ അയൽക്കൂട്ടങ്ങൾ പട്ടികവർഗ്ഗ മേഖലയിൽ നിലനിന്നിരുന്നെങ്കിലും അയൽക്കൂട്ടങ്ങളുടെ സജീവത കാര്യമായി ഉണ്ടായിരുന്നില്ല. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ 2008 മുതലാണ് കുടുംബശ്രീ പട്ടികവർഗ്ഗ മേഖലയിൽ പ്രത്യേകം കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത്. പാരമ്പര്യ കലകൾ, പരമ്പരാഗത വൈദ്യം, തനത് ഭക്ഷണം, കരകൗശല ഉത്പന്നങ്ങൾ എന്നീ രംഗങ്ങളിൽ ഉപജീവന സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് ഉത്പ്പന്നങ്ങളുടെ വിപണന ഇടപെടലുകൾ സജീവമാക്കുകയും ഗ്രൂപ്പുകൾക്ക് മെച്ചപ്പെട്ട വരുമാന മാർഗ്ഗം സൃഷ്ടിയ്ക്കുകയും ചെയ്യുക, പട്ടികവർഗ്ഗ മേഖലയിലെ മൃഗസംരക്ഷണം വർദ്ധിപ്പിയ്ക്കുകയും സുസ്ഥിര വരുമാനം നേടികൊടുക്കുകയും ചെയ്യുക, പരമ്പരാഗത കൃഷി ഇനങ്ങളെ പ്രോത്സാഹിപ്പിച്ചു കൃഷിയിലൂടെ വരുമാനം നേടിയെടുക്കുക, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി പ്രത്യക പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കുക തുടങ്ങി നിരവധി പദ്ധതികളാണ് പട്ടിക വർഗ്ഗ മേഖലയിൽ കുടുംബശ്രീ നടപ്പിലാക്കി വരുന്നത്.

കുട്ടികളിലെ നൈസർഗ്ഗീകമായ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിയ്ക്കുക, ജനാധിപത്യബോധമുള്ള, ശാസ്ത്രാഭിരുചിയുള്ള നാളത്തെ പൗരന്മാരാക്കി അവരെ മാറ്റുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങൾ വെച്ച് കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ബാലസഭ. 

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, ജെൻഡർ റിസോഴ്സ് സെന്റർ, സ്നേഹിത കോളിംഗ് ബെൽ, വിജിലന്റ് ഗ്രൂപ്പ്, കമ്മ്യൂണിറ്റി കൗൺസിലിംഗ്, രംഗശ്രീ തുടങ്ങിയ പദ്ധതികൾ കുടംബശ്രീയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചരണ പരിപാടി സംഘടിപ്പിയ്ക്കുന്നതും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. പ്രാദേശിക സാമ്പത്തിക ഉന്നമനത്തിനും വികസനത്തിനായി ചെറുകിട ഇടത്തരമായ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കുന്നത്. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിപണി സൃഷ്ടിയ്ക്കുകയും തനത് ഉത്പന്നങ്ങൾ ആകർഷകമായ രീതിയിൽ പുറത്തിറക്കുകയും ഉപജീവനം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് കുടുംബശ്രീ.

ഐടി, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെ സർവ്വ മേഖലകളിലും സാന്നിധ്യമറിയിച്ച കുടുംബശ്രീ അതിന്റെ രജത ജൂബിലി ആഘോഷിയ്ക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലേക്കെത്തിയ്ക്കും. കുടുംബശ്രീയെക്കുറിച്ചു പഠനം നടത്തിയവരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകൾ, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സി.ഡി.എസുകളിലും ഒരേ ദിവസം വികസന സെമിനാറുകൾ, കുടുംബശ്രീ ഫെലോഷിപ്പ് പ്രോഗ്രാം, കലാലയങ്ങളിൽ കുടുംബശ്രീ സെമിനാറുകൾ, മുൻകാല പ്രവർത്തകരുടെ കൂട്ടായ്മകൾ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കൽ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അറിവും അനുഭവങ്ങളും മാതൃകകളും നേട്ടങ്ങളും വൈജ്ഞാനിക കേരള സൃഷ്ടിക്കു വേണ്ടി പങ്കുവയ്ക്കും. സ്ത്രീകളുടെ പൊതുപങ്കാളിത്തവും തൊഴിൽ പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി സ്ത്രീപക്ഷ നവകേരളത്തിന്റെ തുടർ പ്രവർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-05-19 11:00:08

ലേഖനം നമ്പർ: 555

sitelisthead