സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലുടനീളം സംഘടിപ്പിച്ച എന്റെ കേരളം മെഗാ മേള സംസ്ഥാനത്തിന്റെ വികസന നാൾവഴികളിലെ സാമൂഹിക-സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കിയ മികച്ച ദൃശ്യാനുഭവമായി. സർക്കാരിന്റെ നേട്ടങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളും ജനങ്ങളിൽ എത്തിയ്ക്കുകയെന്നതാണ് പ്രദർശനമേളയിലൂടെ ലക്ഷ്യംവെച്ചത്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു കുതിക്കാൻ വ്യവസായ സംരംഭങ്ങൾക്കും കലാകാർക്കും വിവിധ മേഖലകളിലുള്ളവർക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചിച്ചത്.

കേരളത്തിന്റെ നേട്ടങ്ങൾ, വികസന ദൗത്യങ്ങൾ, പദ്ധതികൾ, ക്ഷേമ പ്രവർത്തങ്ങൾ തുടങ്ങി സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും  പ്രതിഫലിപ്പിക്കുന്ന എന്റെ കേരളം മെഗാ മേള ദൃശ്യാനുഭവം, ഉപഭോക്‌തൃ സൗഹൃദം, വിവരദായകം എന്നീ നിലകളിൽ  കേരളം കണ്ട  ഏറ്റവും വലിയ പ്രദർശനപരിപാടിയായി മാറി. പിന്നിട്ട വർഷങ്ങളിൽ കേരളത്തിന് ലഭിച്ച നേട്ടങ്ങളുടെയും പൂർത്തീകരിച്ച ഒട്ടനവധി പദ്ധതികളുടെയും വിവരങ്ങളടങ്ങിയ ചുവർ ചിത്രങ്ങൾ മേളയുടെ പ്രധാന ആകർഷണമാണ്.  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്‌ബി പങ്കാളിത്തത്തോടെ സർക്കാറിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. വിവിധ ആവിഷ്കാരങ്ങളിലൂടെ സർക്കാർ സംവിധാനങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാൻ കേരളത്തിലെ എല്ലാ  വകുപ്പുകളും ഒറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് പ്രദർശന മേളയിലൂടെ കാണാൻ സാധിച്ചത്. 

2022 ഏപ്രിൽ 2-ന് കണ്ണൂരിൽ ആരംഭിച്ച പ്രദർശന മേള എല്ലാ ജില്ലകളിലും വിജയകരമായി പൂർത്തീകരിച്ചു ജൂൺ 2 ന് തിരുവനന്തപുരത്തു സമാപിയ്ക്കും. വ്യത്യസ്തങ്ങളായ കലാസാംസ്കാരിക പരിപാടികൾ ദൃശ്യാവിഷ്ക്കാരങ്ങൾ എന്നിവയിലൂടെ ഓരോ ജില്ലകളിലെയും സംസ്കാര പൈതൃകത്തിന്റെയും വികസന മാതൃകയുടെയും സമഗ്ര സമന്വയം ആണ് പ്രദർശനമേള. 1,00,000 ചതുരശ്ര അടി വരെ വിസ്താരത്തിൽ വിവിധ ഇടങ്ങളിൽ ഒരുക്കിയ മെഗാ പ്രദർശന മേളയിൽ സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, വിവിധ വകുപ്പുകളുടെ സേവന - വിപണന സ്റ്റാളുകൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലുണ്ടായ നേട്ടങ്ങൾ, കേരളത്തിന്റെ ചരിത്രം, അഭിമാന നേട്ടങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവ ഉൾപ്പെടുത്തി തീം ഏരിയ, കേരളത്തിന്റെ വ്യത്യസ്ത അനുഭവങ്ങൾ റീക്രിയേറ്റ് ചെയ്യുന്ന നിരവധി ദൃശ്യാവിഷ്കാരങ്ങൾ തുടങ്ങിയവ വിവിധ ജില്ലകളിലൊരുക്കിയ മേളയിൽ ഒരുക്കി.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എന്റെ കേരളം തീം പവിലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവിലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്സിബിഷന്റെ പ്രധാന ആകർഷകങ്ങൾ ആയിരുന്നു. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരുകുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പ്പന്നങ്ങൾ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്തു. അക്ഷയ കേന്ദ്രങ്ങൾ, ജില്ല എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്, ജില്ല പഞ്ചായത്തിന്റെ  ഇൻവെസ്റ്റേഴ്സ് ഡസ്ക്, കണ്ണൂർ സെൻട്രൽ ജയിൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്,  കെഎസ്ഇബി, പൊലീസ്, റവന്യു, ആരോഗ്യ, സിവിൽ സപ്ലൈസ്, ഭൂഗർഭജല, തൊഴിൽ വകുപ്പുകൾ തുടങ്ങി നിരവധി വകുപ്പുകളുടെ സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചു.

പരമ്പരാഗത കൃഷിയെ തൊട്ടറിഞ്ഞാണ് ടൂറിസം വകുപ്പിന്റെ ആവിഷ്ക്കാരം. കേരളത്തെ അറിയാം എന്ന ആശയവുമായി പരമ്പരാഗതമായ കേരളത്തിന്റെ കൃഷിരീതിയെയും സംസ്‌ക്കാരത്തെയും മനസ്സിന് കുളിർമയേകുന്ന തരത്തിൽ പുനഃസൃഷ്ടിച്ചാണ് ടൂറിസം വകുപ്പ് പ്രദർശനമൊരുക്കിയിരിക്കുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹനങ്ങൾ മാത്രമുള്ള സ്ട്രീറ്റ് മാതൃക ഹരിത ഊർജം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയത്. പോൾ മൗണ്ട് ചാർജിങ്ങ് സ്റ്റേഷനും, സൗരോർജം ഉപയോഗിച്ചുള്ള കൊച്ചു വീടും കെഎസ്ഇബിയുടേതായി മേളയിലുണ്ടായിരുന്നു. 

കണ്ണൂർ സെൻട്രൽ ജയിലിന്റെ എല്ലാ ബ്ലോക്കുകളെയും പറ്റി വ്യക്തമായ ധാരണ നൽകുന്ന മാതൃക, തൂക്കുമരത്തിന്റെ മാതൃക, ജയിൽ അന്തേവാസികൾ നിർമ്മിച്ച ഉത്പന്നങ്ങൾ എന്നിവ ജയിൽ വകുപ്പ് ഒരുക്കി. ഉരു നിർമ്മാണ സ്റ്റാൾ കണ്ണൂർ ജില്ലയിലെ പ്രദർശന മേളയുടെ പ്രധാന ആകർഷണമായിരുന്നു. ഉരു നിർമ്മാണത്തിന്റെ സാധ്യതകളും പ്രാധാന്യവും മനസ്സിലാക്കിത്തരുന്നതായിരുന്നു സ്റ്റാൾ. ഖാദി തൊഴിലാളികളുടെ സംരക്ഷണവും ഖാദി മേഖലയുടെ പ്രാധാന്യവും കാട്ടിക്കൊണ്ട് തത്സമയം വസ്ത്രങ്ങൾ നെയ്തും അവയുടെ വില്പനയും മേളയിൽ നടന്നു. ഭൗമ സൂചിക പട്ടം ലഭിച്ച ഉത്പ്പന്നങ്ങൾ കൈത്തറി സ്‌കൂൾ യൂണിഫോം, വിവിധ രൂപങ്ങളിൽ തുണി നെയ്തെടുക്കുന്നത് എന്നിവയും ഒരുക്കിയിരുന്നു.

എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിന്റെ വിവിധ സേവനങ്ങളും പദ്ധതികളും സജ്‌ജമാക്കി. മലബാർ ക്യാൻസർ സെന്റർ സ്റ്റാളിൽ വിവിധ ക്യാൻസർ വിഭാഗങ്ങളിലെ നൂതന ചികിത്സ സൗകര്യങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയും, ക്യാൻസർ കോശങ്ങളെ മൈക്രോസ്‌കോപ്പിൽ വീക്ഷിക്കാനുളള അവസരവും പൊതുജനങ്ങൾക്ക് നൽകി. 'ഏകലോകം ഏകാരോഗ്യം' സെമിനാറും ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംഘടിപ്പിച്ച 'ആന്റിബയോട്ടിക് സാക്ഷര കേരളം 2023 എന്ത്, എന്തിന്, എങ്ങനെ?' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ആവാസ് ഇൻഷൂറൻസ് കാർഡ് നൽകുകയും അസംഘടിത തൊഴിലാളികൾക്കായി ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യവും ഒരുക്കി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കുടുംബശ്രീ മിഷൻ, കെടിഡിസി, സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ വിശാലമായ ഫുഡ് കോർട്ടുകളും മേളയെ ആകർഷകമാക്കിയിരുന്നു.

ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത വാദ്യോപകരണങ്ങൾ, വനവിഭവങ്ങൾ, അച്ചാറുകൾ, തേൻ, ഗോത്ര മേഖലയിലെ തനത് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളും പ്രദർശനത്തിലെ മുഖ്യാകർഷകങ്ങളായിരുന്നു. പ്രദർശനത്തിനെത്തുന്നവരെ സജീവമാക്കുന്നതിനായി ഓരോ വകുപ്പും  മത്സരങ്ങൾ സംഘടിപ്പിച്ച് ആകർഷകമായ സമ്മാനങ്ങളും നൽകി മേളയെ സജീവമാക്കി. 'ജീവിതം ലഹരിയാക്കൂ' എന്ന സന്ദേശം കുട്ടികളിലെത്തിക്കുന്നതിനായി എക്‌സൈസ് വകുപ്പ് ഒരുക്കിയ അമ്പെയ്ത്ത് മത്സരം ഇത്തരത്തിൽ ശ്രദ്ധേയമായി. ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർ നിർമിച്ച ഉത്പന്നങ്ങളും മേളയിൽ പ്രദർശനത്തിനെത്തി. ചവിട്ടികൾ, കുട, മെഴുകുതിരി, അച്ചാറുകൾ, ചെടികൾ, പേപ്പർ പേനകൾ തുടങ്ങി നിരവധി നിത്യോപയോഗ ഉത്പന്നങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.

സർക്കാർ സംവിധാനങ്ങൾ പൊതുജങ്ങളിലേക്കെത്തിക്കുന്നതിൽ എന്റെ കേരളം മെഗാ മേള പ്രധാന പങ്കു വഹിച്ചു. പൊതുജന പങ്കാളിത്തം കൊണ്ടും, മികച്ച ആവിഷ്ക്കാരം കൊണ്ടും സംസ്ഥാത്തിന്റെ  വികസന നാൾ വഴിയിലെ  പുതിയൊരു പൗരകേന്ദ്രീകൃത സംവിധാനമായിരുന്നു എന്റെ കേരളം മെഗാ മേള.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-20 12:48:43

ലേഖനം നമ്പർ: 565

sitelisthead