സംസ്ഥാനത്തിന്റെ പൊതു​ഗതാ​ഗത രം​ഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ടം  പൂർത്തിയായി. തൃപ്പൂണിത്തുറ സ്റ്റേഷൻ കൂടി പ്രവർത്തനം ആരംഭിച്ചതോടെയാണ് ഒന്നാംഘട്ടം പൂർത്തിയായത്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൂരമാണ്  ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 73,77കോടിരൂപയാണ് ആകെ ചെലവ്.  ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. 

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. തൃപ്പൂണിത്തുറയുടെ ചരിത്രവും സംസ്‌കാരവും ഇഴചേരുന്ന മനോഹരമായ രൂപകൽപ്പനയാണ് സ്റ്റേഷനുള്ളത്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. 

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാടു വരെ ദീർഘിപ്പിക്കുന്ന രണ്ടാം ഘട്ടം 2026 പകുതിയോടെ പൂർത്തിയാക്കും.  മൂന്നാംഘട്ടത്തിൽ നെടുമ്പാശേരിയുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അങ്കമാലി അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ  ഗിഫ്റ്റ് സിറ്റിയുമായും മെട്രോ മൂന്നാംഘട്ടത്തിൽ ബന്ധിപ്പിക്കാനാണ് പദ്ധതി. വാട്ടർ മെട്രോയിൽ ചേരാനെല്ലൂർ-ചിറ്റൂർ-ഏലൂർ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്.  പൊതു​ഗതാ​ഗത രം​ഗത്തെ ​ഗതിയും വേ​ഗവും മാറ്റിയ കൊച്ചി മെട്രോ 2017 ജൂണിലാണ് സർവീസ് ആരംഭിച്ചത്. ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്ന് ഒരു ലക്ഷത്തിലേക്ക് എത്തുകയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-08 21:27:57

ലേഖനം നമ്പർ: 1335

sitelisthead